കിം ജോങ് ഉന്നിനെ സാക്ഷിയാക്കി പരിശീലനം

പ്യോംങ്യാംഗ്: കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ മിസൈൽ വിക്ഷേപണ പരിശീലനം നടത്തി ഉത്തരകൊറിയ. ദീർഘദൂര തോക്കുകളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ച് ഉത്തരകൊറിയൻ സൈന്യം സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തിയതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. ‘ആദരണീയനായ സഖാവ് കിം ജോങ് ഉൻ ദീർഘദൂര പീരങ്കികളുടെയും മിസൈൽ സംവിധാനങ്ങളുടെയും സംയുക്ത അഭ്യാസത്തിന് നേതൃത്വം നൽകി’ എന്നാണ് കെസിഎൻഎ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 600 എംഎം മൾട്ടി-ലെയർ റോക്കറ്റ് സിസ്റ്റവും തന്ത്രപ്രധാന ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്ഫോ-11-കെഎയും സംയുക്ത അഭ്യാസത്തിൽ പരീക്ഷിക്കപ്പെട്ടു. എന്ന് ഏജൻസി പ്രസ്താവിച്ചു.
തെക്കുകിഴക്കുള്ള വോൺസാൻ നഗരത്തിനടുത്തുള്ള ഒരു പ്രദേശത്ത് നിന്ന് ജപ്പാൻ കടലിലേക്ക് ഉത്തര കൊറിയ നിരവധി ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിനെ ഉദ്ധരിച്ച് യോൻഹാപ്പ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 10ന് ദക്ഷിണ കൊറിയയും അമേരിക്കയും ഫ്രീഡം ഷീൽഡ് അഭ്യാസങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയ ഏറ്റവും ഒടുവിൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയത്. ഇതിൻ്റെ ഭാഗമായി പ്യോംങ്യാംഗ് മഞ്ഞക്കടലിലേക്ക് നിരവധി മിസൈലുകൾ വിക്ഷേപിച്ചിരുന്നു.