വേടന്റെ അറസ്റ്റ്: റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി

0

കൊച്ചി: റാപ്പര്‍ വേടനെ പുലിപ്പല്ലുമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ച റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍ അതീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു. അധീഷ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നില്‍ അതീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അതിരുവിട്ടെന്നായിരുന്നു മന്ത്രിക്കു വനം മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. വനംവകുപ്പിലെ പ്രമുഖ സര്‍വീസ് സംഘടനകളിലൊന്നായ കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അതീഷ്.

സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അതീഷിന്റെ പ്രതികരണം കൈവിട്ടുപോകാന്‍ കാരണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്നും വ്യക്തമായ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഒഴിവാക്കണമെന്നും റേഞ്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതീഷിനെതിരെ നടപടിയെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഭാവിയില്‍ ഉന്നതര്‍ പ്രതികളാകുന്ന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനോടു വൈമുഖ്യം കാട്ടാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *