ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് വിവരം ലഭിച്ചു: ആരോപണവുമായി ഖാര്‍ഗെ

0

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പഹല്‍ഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മോദി കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു

പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടാകാന്‍ കാരണം ഇന്റലിജന്‍സ് വീഴ്ചയാണെന്നും ഖാര്‍ഗെ പറഞ്ഞു. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആക്രമണമുണ്ടാകുമെന്ന് അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് നടപടികളെടുത്തില്ലെന്നും ഖാര്‍ഗെ ചോദിച്ചു. ആക്രമണമുണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചുവെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മോദിയുടെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഖാര്‍ഗെ ആരോപിച്ചു. മാത്രമല്ല, താനിത് പത്രങ്ങളില്‍ വായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22-ന് ബൈസരന്‍വാലിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായി പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നു. ഭീകരാക്രമണ ഉണ്ടായതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലുള്‍പ്പെടെ ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്കെതിരെ ഖാര്‍ഗെ രംഗത്തുവന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *