ഇനി സാധാരണക്കാര്‍ക്കും വന്ദേഭാരതില്‍ കയറാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിന്‍ ആണ് വന്ദേഭാരത് എക്സ്പ്രസുകള്‍.അതുകൊണ്ട് തന്നെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കിലും ആ വ്യത്യാസം പ്രകടമാണ്. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും രാജ്യത്ത് സര്‍വീസ് നടത്തുന്ന ഭൂരിഭാഗം റൂട്ടുകളിലും വന്ദേഭാരത് സൂപ്പര്‍ ഹിറ്റാണ്.കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളിലും 100 ശതമാനത്തിലും വളരെ കൂടുതലാണ് ഒക്കുപ്പന്‍സി നിരക്ക്.
ഇപ്പോഴിതാ വന്ദേഭാരത് ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആലോചന നടത്തുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണക്കാര്‍ക്ക് കൂടി താങ്ങുന്ന രീതിയിലേക്ക് ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് ആലോചന.മറ്റ് ട്രെയിനുകളുടെ സര്‍വീസ് ഓപ്പറേഷന്, മെയ്ന്റെയ്നന്‍സ് നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് വന്ദേഭാരതിനായി ചിലവാക്കുന്ന തുക എന്നതാണ് ടിക്കറ്റ് നിരക്കിലും കാണപ്പെടുന്ന വ്യത്യാസം.
വന്ദേഭാരത് ട്രെയിന്‍ ആയിരം കിലോമീറ്റര്‍ ഓടിക്കാന്‍ 5 മുതല്‍ 8 ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. ഊര്‍ജ്ജത്തിനായി മാത്രം മൂന്നര ലക്ഷം രൂപയാണ് മാറ്റിവയ്ക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനായി ഓരോ സര്‍വീസില്‍ നിന്ന് 50,000 രൂപയാണ് മാറ്റി വയ്ക്കുന്നത്. ക്ലീനിംഗ്, കാറ്ററിംഗ്, മറ്റ് സേവനങ്ങളെല്ലാം വിമാനത്തിലേതിനു തുല്യമായ രീതിയിലാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ചെലവും കൂടുതലാണ്.ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം നടപ്പിലായാല്‍ അത് ഏറ്റവും വലിയ ആശ്വാസം നല്‍കുന്നത് സാധാരണക്കാരായ യാത്രക്കാര്‍ക്കാണ്. എന്നാല്‍ അതോടൊപ്പം തന്നെ നിരക്ക് കുറയുമ്പോള്‍ ആവശ്യക്കാര്‍ കൂടുന്നത് ടിക്കറ്റ് ലഭ്യതയെ ബാധിക്കാനും സാദ്ധ്യത കൂടുതലാണ്.