വേടന് വേദിയൊരുക്കി സർക്കാർ: ഇടുക്കിയിൽ നാളെ റാപ്പ് ഷോ

ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും വേദി ലഭിച്ചിരിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ. വേടനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം നേതാക്കളുൾപ്പെടെ കൈക്കൊണ്ടത്.
കഴിഞ്ഞ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നടക്കാനിരുന്നത്. സർക്കാരിൻ്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. അതിനിടയിലാണ് 24-ാം തിയ്യതി കഞ്ചാവുമായി വേടൻ അറസ്റ്റിലാവുന്നതും പിന്നീട് പുലിപ്പല്ല് കേസിൽ ജയിലിലാവുന്നതും. കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നൽകാൻ തീരുമാനിക്കുകയായിരുന്നു. പരിപാടിയുടെ കൂടുതൽ ഒരുക്കങ്ങൾക്കായി ഇന്ന് അധികൃതരുടെ യോഗവും ചേരുന്നുണ്ട്.