സ്വപ്നയുടെ കൈക്കൂലി വരുമാനം മാസം 3 ലക്ഷം

കൊച്ചി: കൊച്ചിൻ കോർപ്പറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയുടെ കൈക്കൂലി വരുമാനം മാസം മൂന്നു ലക്ഷം രൂപ എന്ന് കണ്ടെത്തൽ. കൈക്കൂലി പണം ഉപയോഗിച്ച് വീടും സ്ഥലവും വാങ്ങിച്ചതായി വിജിലൻസ് കണ്ടെത്തി. താനാണ് കൊച്ചിൻ കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നതെന്നാണ് സ്വപ്ന നൽകിയ മൊഴി.
ബിൽഡിംഗ് ഇൻസ്പെക്ടർമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും കൈക്കൂലിക്കാരാണ്. ബിൽഡിംഗ് ഇൻസ്പെക്ടർമാർ കൂട്ടമായി കൈക്കൂലി വാങ്ങി വീതം വെക്കാറുണ്ടെന്നും കൈക്കൂലിക്ക് കൊച്ചിൻ കോർപ്പറേഷനിൽ പ്രത്യേക റേറ്റ് നിലവിൽ ഉണ്ടെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നു.
തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്വപ്നയെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. കൊച്ചി പൊന്നുരുന്നിയിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്. അറസ്റ്റിൽ ആയതിന് പിന്നാലെ സ്വപ്നയെ മേയറിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്‌ത് ഓർഡർ പുറത്തിറക്കിയിരുന്നു. 15,000 രൂപ ആണ് സ്വപ്ന കൈക്കൂലിയായി വാങ്ങിയത്. ഇവരുടെ ബാഗിൽ നിന്ന് 45,000 രൂപയും കണ്ടെത്തി.