സിന്ധു നദിയില്‍ നിര്‍മാണങ്ങള്‍ നടത്തിയാൽ തകര്‍ക്കും: പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര ബന്ധങ്ങളില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ ഭരണാധികാരികള്‍. സിന്ധു നദിയുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെതാണ് പുതിയ പ്രതികരണം. സിന്ധു നദിയില്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇന്ത്യ ഡാം ഉള്‍പ്പെടെ നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ ആക്രമണം നടത്തുമെന്നാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് മന്ത്രിയുടെ പ്രതികരണം. സിന്ധു നദിയില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകളെ അധിനിവേശം എന്നാണ് പാക് പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്.
സിന്ധു നദിയിലെ വെള്ളം നിയന്ത്രിക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍, തീര്‍ച്ചയായും അതിനെ ശക്തമായി നേരിടും. ആയുധം പ്രയോഗിക്കുക മാത്രമല്ല ആക്രമണം, അതിന് നിരവധി മുഖങ്ങളുണ്ട്. വെള്ളം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുക എന്നത് ആ ആ മുഖങ്ങളില്‍ ഒന്നാണ്, ഇത്തരം ഒരു നടപടി ഉണ്ടായാല്‍ വിശപ്പും ദാഹവും മൂലമുള്ള മരണങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ നദിയില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മാണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ അത് തകര്‍ക്കും എന്നും അസിഫ് പറഞ്ഞു.