64 വർഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തിനൊരുങ്ങി ഗുജറാത്ത്

0

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്‍റെയും നാടായ ഗുജറാത്തിൽ 64 വർഷത്തിന് ശേഷം ദേശീയ സമ്മേളനം നടത്താന്‍ കോൺഗ്രസ്. ഏപ്രിൽ 8, 9 തീയതികളിൽ ഗാന്ധി ആശ്രമത്തിലെ സർദാർ സ്‌മാരകത്തിലും അഹമ്മദാബാദിലെ സബർമതി നദിക്കരയിലുമാണ് കോൺഗ്രസിന്‍റെ ദേശീയ സമ്മേളനം നടക്കുന്നത്.

നൂറു വർഷം മുമ്പാണ് മഹാത്മാഗാന്ധി കോൺഗ്രസിന്‍റെ പ്രസിഡന്‍റായത്. ഇതോടൊപ്പം 2025-ൽ സർദാർ വല്ലഭായ് പട്ടേലിന്‍റെ 150-ാം ജന്മവാർഷികം കൂടിയാണ്. 1961 ന് ശേഷം ഇതാദ്യമായാണ് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ദേശീയ കൺവെൻഷൻ ഗുജറാത്തിൽ നടക്കുന്നത്.

1938-ൽ ഗുജറാത്തിൽ നടന്ന ഹരിപുര സമ്മേളനത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് അടിത്തറ പാകിയത്. ചരിത്രപ്രസിദ്ധമായ ഹരിപുര സമ്മേളനത്തിലാണ് കോൺഗ്രസ് ഇന്ത്യക്ക് സമ്പൂർണ സ്വാതന്ത്ര്യം എന്ന പ്രമേയം പാസാക്കുന്നത്.

കോൺഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗം 2025 ഏപ്രിൽ 8-ന് രാവിലെ 11:30-ന് ഷാഹിബാഗിലെ ചരിത്രപ്രസിദ്ധമായ സർദാർ സ്‌മാരകത്തിൽ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സംസ്ഥാന കോൺഗ്രസ് മേധാവികൾ, കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 86-ാം സമ്മേളനത്തിൽ പങ്കെടുക്കും.

മുതിർന്ന കോൺഗ്രസ് നേതാക്കളും സിഡബ്ല്യുസി അംഗങ്ങളും ഏപ്രിൽ 8 ന് വൈകുന്നേരം 5 മണിക്ക് സബർമതി ആശ്രമത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കും. എല്ലാ സിഡബ്ല്യുസി അംഗങ്ങളും മറ്റ് നേതാക്കളും പങ്കെടുക്കുന്ന ഒരു സാംസ്‌കാരിക പരിപാടി ഏപ്രിൽ 8 ന് രാത്രി നടക്കും. ഏപ്രിൽ 9ന് സബർമതി നദീതീരത്ത് നടക്കുന്ന കൺവെൻഷനിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *