മാറ്റങ്ങളോടെ പുതു സാമ്പത്തിക വർഷം ആരംഭിച്ചു

കോഴിക്കോട്: സാമ്പത്തിക വർഷത്തിന് തുടക്കം കുറിക്കുന്ന ദിനമാണ് ഏപ്രിൽ ഒന്ന്. ആഹ്ളാദത്തേക്കാൾ ആഘാത0 ഈ ‘പുതുവർഷം’ സമ്മാനിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.എന്നാൽ ശമ്പളക്കാരായ ആദായ നികുതിദായകർക്ക് സന്തോഷിക്കാം. 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി അടക്കണ്ട. പുതിയ നികുതി വ്യവസ്ഥ സ്വീകരിച്ചവർക്കാണ് ഈ പരിധി ബാധകമാവുക എന്നോർക്കണം. പഴയ നികുതി വ്യവസ്ഥയിൽ ഏഴ് ലക്ഷം വരെയുള്ള വരുമാനത്തിനാണ് നികുതി ഒഴിവ്.
എ.ടി.എം വഴി പണം പിന്‍വലിക്കുന്നവരും ശ്രദ്ധിക്കുക. മറ്റ് ബാങ്കുകളില്‍ നിന്ന് പ്രതിമാസം മൂന്ന് പിൻവലിക്കൽ മാത്രമാണ് സൗജന്യമായി അനുവദിക്കുക. ശേഷം ഓരോ പിൻവലിക്കലിനും 20 മുതൽ 25 രൂപ വരെ ഈടാക്കും.
എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക് തുടങ്ങിയവ വരുത്തിയ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രാബല്യത്തിലായി. ബാങ്ക് ശാഖയിരിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും മിനിമം ബാലൻസ് തുകയും അത് പാലിച്ചില്ലെങ്കിലുണ്ടാകുന്ന പിഴയും കണക്കാക്കുക. നഗരങ്ങളിലായിരിക്കും മിനിമം ബാലൻസ് തുക കൂടുതൽ കരുതേണ്ടി വരിക.
മൂന്നു മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകളാണ് യു.പി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതെങ്കിൽ അത് ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇത് യു.പി.ഐ സേവനങ്ങൾ തടസ്സപ്പെടാൻ കാരണമാകും. സൈബർ തട്ടിപ്പുകൾ തടയുക എന്നതാണ് പ്രധാന ലക്ഷ്യം.
റിസര്‍വ് ബാങ്ക് നിർദേശപ്രകാരം പോസറ്റീവ് പേ സിസ്റ്റം നടപ്പാക്കുന്നതിൻ്റെ ഭാഗമായി 50,000 രൂപക്ക് മുകളില്‍ ചെക്കുകള്‍ നല്‍കുന്ന ഉപയോക്താക്കള്‍, ചെക്കുകളുടെ പ്രധാന വിവരങ്ങള്‍ ബാങ്കിന് നല്‍കേണ്ടി വരും. ബാങ്ക് വായ്പകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന ക്രമം പാലിക്കുന്നത് സംബന്ധിച്ച റിസര്‍വ് ബാങ്കിൻ്റെ പുതിയ ചട്ടം നിലവില്‍ വരും. ഭവനനിർമാണം, കൃഷി, എം.എസ്.എം.ഇ, കയറ്റുമതി, വിദ്യാഭ്യാസം, പൊതു നിര്‍മാണം, പുനരുൽപാദന ഊർജം എന്നീ മേഖലകളെയാണ് റിസര്‍വ് ബാങ്ക് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
റിസർവ് ബാങ്ക് നിർദേശ പ്രകാരം ബാങ്കുകൾ വായ്പ പരിധി ഉയർത്തും. 50 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ 50 ലക്ഷമാണ് ഭവന വായ്പാ പരിധി. പത്ത് മുതൽ 50 ലക്ഷം വരെയാണ് ജനസംഖ്യ പരിധിയെങ്കിൽ വായ്പാ പരിധി 45 ലക്ഷമാണ്. പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള മേഖലകളിൽ പരമാവധി 35 ലക്ഷമാണ് വായ്പ അനുവദിക്കുക. വ്യക്തിഗത വായ്പ പരിധി പത്ത് ലക്ഷമാണ്.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പുതിയ പെൻഷൻ സ്കീം നിലവിൽ വരികയാണ്. നിലവിലുള്ള ജീവനക്കാർക്ക് പുതിയ പെൻഷൻ സ്കീമിലേക്ക് മാറാൻ ഒരു മാസ കാലയളവാണ് നൽകിയിരിക്കുന്നത്. ഒരു ജില്ലയിൽ 24 മണിക്കൂർ മൊബൈൽ ഫോൺ സേവനം മുടങ്ങിയാൽ പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ നഷ്ടപരിഹാരം ലഭിക്കും.
പതിനഞ്ച് വര്‍ഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങളുടേയും സ്വകാര്യ മുച്ചക്ര വാഹനങ്ങളുടയും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് 50 ശതമാനം ബജറ്റില്‍ വര്‍ധിച്ചത് നടപ്പിൽ വരും. 900 രൂപയിൽ നിന്ന് ഇത് 1350 രൂപയാകും. വാഹനങ്ങളുടെ റോഡ് നികുതി ഭാരക്കൂടുതലിന് അനുസരിച്ച് വർധിക്കും. 750 കിലോഗ്രാമില്‍ താഴെയുള്ള കാറുകള്‍ക്ക് 6,400 രൂപയും 750 മുതല്‍ 1,500 വരെ ഭാരമുള്ള കാറുകള്‍ക്ക് 8,600 രൂപയും അതിന് മുകളില്‍ ഭാരമുള്ളവക്ക് 10,800 രൂപയുമാണ് നികുതി ഈടാക്കുക. കൂടാതെ 600 രൂപ ഹരിത നികുതിയും നല്‍കണം. ഇതിലൂടെ 55 കോടി രൂപ അധികമായി സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷ..
നിലവില്‍ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനവിലയുടെ അഞ്ച് ശതമാനമാണ് 15 വര്‍ഷത്തേക്കുള്ള നികുതി ഈടാക്കുന്നത്. 15 ലക്ഷം രൂപക്ക് മുകളിലുള്ളവക്ക് വാഹന വിലയുടെ 8 ശതമാനവും 20 ലക്ഷം രൂപക്ക് മുകളിലുള്ളതിന് 10 ശതമാനവും ബാറ്ററി വാടകക്ക് എടുത്ത് ഉപയോഗിക്കുന്നവക്ക് 10 ശതമാനവുമാണ് ഇനി നല്‍കേണ്ടത്. അതായത് 15 ലക്ഷം രൂപ വിലയുള്ള വാഹനത്തിന് നിലവില്‍ 5 ശതമാനം നികുതിയായ 75,000 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് 1,20,000 രൂപയായി വര്‍ധിക്കും. സര്‍ക്കാരിന് 30 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇരട്ട ആഘാതമായി പുതിയ കാറുകളുടെ വിലയും കമ്പനികൾ വര്‍ധിക്കുകയാണ്. ജനുവരിയിൽ 2 മുതൽ 5 ശതമാനം വരെ വില വർധനവ് ചില കമ്പനികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക കമ്പനികളും പുതിയ സാമ്പത്തിക വർഷത്തിൽ വാഹന വില വർധിപ്പിക്കുകയാണ്.
പ്രവര്‍ത്തന ചെലവ്, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധന, ആഗോള വിതരണ ശൃംഖലയിലെ തടസങ്ങള്‍ എന്നിവയാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്‍ട്രി ലെവല്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞത് കമ്പനികളുടെ ലാഭം ഇടിച്ചതും കാരണമാണ്. പ്രീമിയം സെഗ്‌മെൻ്റിൽ ലാഭം കുറവാണെന്നും വിപണിയിലെ ചെറിയ മാറ്റം പോലും കമ്പനികളെ ബാധിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. വാഹനങ്ങളില്‍ പുത്തന്‍ ഫീച്ചറുകള്‍ വന്നതും തുടര്‍ച്ചയായ വില വര്‍ധനക്ക് കാരണമായി.
കേരളത്തിൽ തൊഴിലുറപ്പ് വേതനം വർധിക്കുകയാണ്. 346 രൂപ എന്നത് 23 കൂടി 369 രൂപയാകും.
ഭൂ നികുതിയിൽ 50% വർധനവ് – 23 ഇനം കോടതി ഫീസുകളും വർധിക്കും.