“സമരം ചെയ്യുന്ന ആശമാരെ ഞാന്‍ ചേര്‍ത്തുനിര്‍ത്തുന്നു”: അരുന്ധതി റോയ്

ന്യുഡൽഹി : ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിന് പിന്തുണ അറിയിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ആശ വര്‍ക്കേഴ്‌സിനെ ചേര്‍ത്തുപിടിക്കുന്നതായി അരുന്ധതി റോയ് അറിയിച്ചു. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുകയാണ്. കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരുന്ധതി റോയ് പറഞ്ഞു. ആശ വര്‍ക്കേഴ്‌സിനയച്ച കത്തിലാണ് അരുന്ധതി റോയ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഷ്ടതയനുഭവിക്കുന്ന എല്ലാ തൊഴിലാളിയേയും അവസാന സ്ത്രീയേയും താന്‍ കേള്‍ക്കുമെന്ന് കത്തില്‍ അരുന്ധതി റോയ് എഴുതി. സമരം ചെയ്യുന്ന സ്ത്രീകളെ താന്‍ ചേര്‍ത്ത് നിര്‍ത്തുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിനും അരുന്ധതി റോയ് ഐക്യദാര്‍ഢ്യമറിയിച്ചു.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 25 ദിവസം പിന്നിട്ടിരിക്കുകയാണ്. പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും നിയമസഭയില്‍ വിഷയം ചര്‍ച്ചയാവുകയും ചെയ്തു.എന്നിട്ടും സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ പഴി ചാരി മുഖം തിരിക്കുന്നുവെന്നാണ് ആശ വര്‍ക്കേഴ്‌സിന്റെ കുറ്റപ്പെടുത്തല്‍. ഇതോടെയാണ് വനിതാ ദിനത്തില്‍ വനിതാ സംഗമം നടത്തി പ്രതിഷേധം ശക്തമാക്കാന്‍ ആശമാര്‍ തീരുമാനമെടുത്തത്. മറ്റന്നാള്‍ വനിതാ ദിനത്തില്‍ രാവിലെ 10.30 നു ആരംഭിക്കുന്ന സംഗമത്തില്‍ എല്ലാ ജില്ലകളിലെയും വനിതകളെ അണിനിരത്തുമെന്ന് സമരസമിതി അറിയിച്ചു