മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് CPI(M) പ്രവര്‍ത്തന റിപ്പോര്‍ട്ട്.

പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്ന് പ്രവര്‍ത്തന റിപ്പോര്ട്ടില്പ്രശംസ.
ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് തന്നെയെന്നും എം വി ഗോവിന്ദന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ പ്രസ്താവനകളില്‍ മന്ത്രി സജി ചെറിയാന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എം വി ഗോവിന്ദന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അവതരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും പേര് പരാമര്‍ശിച്ചു കൊണ്ടും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുമുള്ള പ്രത്യേക ഭാഗങ്ങളുണ്ട്. അതില്‍ ഒന്നാമതുള്ള പേര് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. പിണറായി വിജയനെ പ്രശംസിക്കുന്ന തരത്തിലുള്ള വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നു, സംഘടനാകാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇ പി ജയരാജനെതിരായുള്ള വിമര്‍ശനമാണ് മറ്റൊരു പ്രധാനകാര്യം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് സ്വയം ഒഴിവായതെന്ന ഇ പി ജയരാജന്റെ വാദം പൊളിക്കുന്നതാണ് സംഘടനാ റിപ്പോര്‍ട്ട്. ഇപിയെ നീക്കിയെന്ന് ഒറ്റവരി പരാമര്‍ശം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ കാര്യ കാരണങ്ങള്‍ വിശദീകരിക്കുന്നില്ല.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സജി ചെറിയാനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.
ബിജെപിയിലേക്ക് വോട്ട് ചോരുന്നെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്
കൊല്ലം: പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും വിമർശനമുണ്ട്.അതോടൊപ്പം നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന രേഖയിൽ വൻകിട നിക്ഷേപം വൻ തോതിൽ ആകർഷിക്കാൻ നിർദ്ദേശമുണ്ടെന്നാണ് സൂചന. ഐ ടി, ടൂറിസം തുടങ്ങി ശാക്തിക മേഖലകൾക്കാണ് ഊന്നൽ. ആഗോള നിക്ഷേപ ഭീമന്മാരെ ഉൾപ്പെടെ കേരളത്തിൽ എത്തിക്കാൻ രേഖയിൽ നിർദേശങ്ങളുണ്ട്. ഇതിനായി നിയമ, ചട്ട പരിഷ്കാരങ്ങൾ നടത്തും. റോഡ്, റെയിൽ വികസനം, മറ്റ് അനുബന്ധ വികസനങ്ങൾ എന്നിവയുടെ വേഗം കൂട്ടുന്നതിനെ കുറിച്ചും രേഖയിൽ പരാമർശമുണ്ടാകും.