ഗുരുദേവഗിരി തീർത്ഥാടന മഹോത്സവം: സുനിൽ ഹെൻഡ്രിയുടെ `ദേവാലയം’ നാടകം അരങ്ങേറും

നവിമുംബൈ: വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനം മുന്നോട്ടുവയ്ക്കുന്ന` ഒരുജാതി, ഒരു മതം , ഒരുദൈവം മനുഷ്യന്’, `വിദ്യകൊണ്ട് സ്വാതന്ത്രരാവുക, സംഘടിച്ചു ശക്തരാവുക’, `ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ തുടങ്ങിയ സുപ്രധാന സന്ദേശങ്ങളെ ആധാരമാക്കി ശ്രീനാരായണ ഗുരുദേവന്റെ ജീവിതകാലഘട്ടത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കി ഏതാനും കഥാപാത്രങ്ങളിലൂടെ ഇതൾവിരിയുന്ന `ദേവാലയം’ എന്ന അമേച്വർ നാടകം തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചു അരങ്ങേറുന്നു.
എൻ. കെ. തുറവൂർ രചനയും പി. കെ. ദിവാകരൻ രൂപകൽപ്പനയും നിർവഹിച്ചിരിക്കുന്ന ഈ നാടകം ജനു. 31 മുതൽ ഫെബ്രു. 2 വരെ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകീട്ട് 7 .30 നാണു അരങ്ങേറുന്നത്.
സുനിൽ ഹെൻഡ്രി (ഖാർഘർ)യാണ് നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ക്രിസ് വേണുഗോപാലാണ് അവതാരകൻ. അശോകൻ പനച്ചിക്കൽ ഗാനരചനയും സംഗീതസംവിധാനവും നിർവഹിക്കുന്നു. സെബിൻ കുമ്പളം, സെനീഷ സെബിൻ എന്നിവരാണ് ഗായകർ. കിരൺഷാജി ശബ്ദവും വെളിച്ചവും നിയന്ത്രിക്കും. ശ്രീനാരായണ മന്ദിരസമിതിയുടെ ബാനറിലാണ് നാടകം അവതരിപ്പിക്കുക. എൻ. എസ്. രാജൻ, സുനിൽകുമാർ കെ., കെ. മോഹൻദാസ്, മനുമോഹൻ, ഷീബ സുനിൽ, പ്രണവ് സുരേഷ്, ധന്യ രമേശ്, സൂരജ് സുനിൽകുമാർ , മിനി മനു, ലതാ രമേഷ് എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ എം. ഐ. ദാമോദരൻ നാടകം പ്രേക്ഷക സമക്ഷം സമർപ്പിക്കും.