76-ാമത് റിപ്പബ്ലിക് ദിന ആഘോഷ നിറവിൽ രാജ്യം (VIDEO)
ന്യുഡൽഹി :ഭരണഘടന അംഗീകരിച്ച് ഒരു റിപ്പബ്ലിക് രാഷ്ട്രമായി മാറിയതിൻ്റെ ഓർമ പുതുക്കി ഇന്ത്യ . രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങള്തുടർന്നുകൊണ്ടിരിക്കുന്നു..
76-ാമത് റിപ്പബ്ലിക് ദിനം വർണാഭമായി രാജ്യതലസ്ഥാനം കൊണ്ടാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെ ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു. മുഖ്യാതിഥിയായ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തി ദേശീയ പതാക ഉയര്‍ത്തി. ശേഷം പരേഡിന് തുടക്കമായി. റിപ്പബ്ലിക് ദിന പരേഡുകളും വ്യോമ, സാംസ്കാരിക പ്രദർശനങ്ങളും പ്രത്യേക കാഴ്ചയൊരുക്കും. രാജ്യത്തിന്റെ പൈതൃകത്തെയും സംസ്കാരത്തെയും ഉയര്‍ത്തുന്ന 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഉണ്ടാകും.ഡൽഹിയിലെ കര്‍ത്തവ്യ പഥിലെ ദേശീയ യുദ്ധ സ്മാരകത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു
പരേഡുകൾക്ക് പുറമേ, സാംസ്കാരിക പ്രദർശനങ്ങളും ടാബ്ലോകളും ചടങ്ങിന് മാറ്റുകൂട്ടുന്നവയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 16 ടാബ്ലോകളും കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള 15 ടാബ്ലോകളും പരേഡിൽ പങ്കെടുക്കും. ബ്രഹ്മോസ്, പിനാക, ആകാശ് എന്നിവയുൾപ്പെടെയുള്ള ചില അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ സൈനികര്‍ പ്രദര്‍ശിപ്പിക്കും. പരേഡിന് സാക്ഷ്യം വഹിക്കാൻ ഏകദേശം 10,000 വിശിഷ്ടാതിഥികള്‍ എത്തിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി:
“എല്ലാവര്ക്കും റിപ്പബ്ലിക് ദിനാശംസകൾ. രാജ്യം ഒരു റിപ്പബ്ലിക്കായതിന്റെ ആഘോഷ വേളയിലാണ് നാം. നമ്മുടെ ഭരണഘടന നിർമിച്ചവര്‍ക്കു മുന്നിലും, ജനാധിപത്യത്തിലും അന്തസിലും ഐക്യത്തിലും നമ്മുടെ യാത്ര വേരൂന്നിയതാണെന്ന് ഉറപ്പാക്കിയ എല്ലാ മഹാന്മാരുടെ മുന്നിലും ഞങ്ങൾ നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ ശക്തവും സമൃദ്ധവുമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ അവസരം ശക്തിപ്പെടുത്തട്ടെ,” എന്ന് പ്രധാനമന്ത്രി കുറിച്ചു.
76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് കേരള ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ദേശീയ പതാക ഉയർത്തി.