ക്ഷേത്രത്തിന് സമീപം മാംസാഹാരം കഴിച്ച മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ
ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി കുന്നില്‍ വച്ച് രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനി മാംസാഹാരം കഴിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.
ഹിന്ദുക്കള്‍ സമാധാനപ്രിയരായ സമൂഹമാണ്. ഈ എംപി കുന്നിന്‍ മുകളില്‍ പോയി മാംസാഹാരം കഴിച്ചത് നിര്‍ഭാഗ്യകരമാണ്. ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ച ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.കഴിഞ്ഞ ദിവസം കുന്നിന്‍മുകളിലേക്ക് മൃഗങ്ങളെ ബലിയര്‍പ്പിക്കാനായി മുസ്ലീം സമുദായംഗങ്ങള്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി പൊലീസുമായി തര്‍ക്കം നിലനിന്നിരുന്നു. സുബ്രഹ്മണ്യക്ഷേത്രത്തിന്റെ സ്ഥാനത്തുവച്ച് മാംസാഹാരം കഴിക്കുന്ന നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും അണ്ണാമലൈ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ വിഭാഗതീയതയുണ്ടാക്കുക ലക്ഷ്യമിട്ടാണ് എംപിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അണ്ണാമലൈയുടെ ആരോപണം നവാസ് കനി നിഷേധിച്ചു. പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ ചൊല്ലി മധ്യസ്ഥത വഹിക്കാനായാണ് താന്‍ എത്തിയതെന്നും താന്‍ മാംസാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.