നാലുവയസുകാരിയെ പീഡിപ്പിച്ച ബി കെ സുബ്രഹ്മണ്യന് അറസ്റ്റില്‍
എറണാകുളം : പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ബികെ സുബ്രഹ്മണ്യന് അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസിന്റെ നടപടി. കേസില്‍ നേരത്തെ സുബ്രഹ്മണ്യന്റെ മകന് ജിതിനെയും സുഹൃത്തിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ജനുവരി 12 ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.സംഭവത്തിന് പിന്നാലെ സിപിഐഎം അംഗമായിരുന്ന സുബ്രഹ്മണ്യനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. വീട്ടിലെത്തിയ കുഞ്ഞ് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചത്ത് പാട് കണ്ടെത്തി. കുഞ്ഞിന് മൂത്രമൊഴിക്കാന്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോള്‍ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.
കേസില്‍ നിന്നും പിന്മാറിയില്ലെങ്കില് കൊന്ന് കളയുമെന്നടക്കമുള്ള ഭീഷണി പ്രതിയുടെ മക്കള്‍ മുഴക്കിയിരുന്നതായി കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ജോലിക്ക് പോകാനോ, അത്യാവശ്യത്തിന് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണെന്നും പിതാവ് പറയുന്നു. ഒപ്പം കേസില്‍ നിന്ന് പിന്മാറാന് വാഗ്ദാനങ്ങള്‍ നല്കി സ്വാധീനിക്കാനും പ്രതിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ സിഡബ്ല്യൂസിക്ക് പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
നേരത്തെ ഈ കേസിൽ കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ആവശ്യമായ എല്ലാ നടപടികളും ഈ കാര്യത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും പറഞ്ഞിരുന്നു