പാറശാല ഷാരോൺ രാജ് വധം : ഗ്രീഷ്മയ്ക്ക് വധ ശിക്ഷ
തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതി എന്ന ‘ചരിത്ര നേട്ടം ‘സ്വന്തമാക്കി ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ. വധശിക്ഷ കാത്തുനില്‍ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയെന്ന സ്ഥാനവും ഗ്രീഷ്മയ്ക്കുണ്ട്.. ഷാരോണ്‍ രാജ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ എം ബഷീര്‍ ആണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.
ഗ്രീഷ്മ നടത്തിയത് സമര്‍ത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻ നായർക്ക് കോടതി മൂന്ന് വര്‍ഷം തടവും വിധിച്ചു. അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് കോടതി അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തൊഴുത് നന്ദി പറഞ്ഞ് ഷാരോൺ രാജിന്റെ മാതാപിതാക്കൾ. പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ച കോടതി 57 സാക്ഷികളെ വിസ്തരിച്ചു.
48 സാഹചര്യ തെളിവുകൾ ഗ്രീഷ്മയ്ക്ക് എതിരായിരുന്നു.
കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുമന്നു നടക്കുകയായിരുന്നുവെന്ന് പ്രതി അറിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. പാരസെറ്റമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയതും, വിവാഹം ഉറപ്പിച്ചതിന് ശേഷവും ഷാരോണുമായി ലൈംഗിക ബന്ധത്തിലേർപ്പട്ടിരുന്നു എന്നതും അന്വേഷണത്തിൽ തെളിഞ്ഞതായും വിധി പ്രസ്താവത്തിൽ പറഞ്ഞു.
മാധ്യമവാര്‍ത്തകള്‍ നോക്കിയല്ല ഈ കേസില്‍ ശിക്ഷ വിധിച്ചതെന്ന് കോടതി ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കി. ഗ്രീഷ്മയ്‌ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയ്‌ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുന്‍പും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗ്രീഷ്മയുടെ ആത്മഹത്യശ്രമം കേസിനെ വഴിതിരിച്ചുവിടാന്‍ വേണ്ടി മാത്രമായിരുന്നെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വിവാഹമുറപ്പിച്ച ശേഷവും ഗ്രീഷ്മ ഷാരോണുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ബന്ധം അവസാനിപ്പിക്കാന്‍ ഉറപ്പിച്ചാല്‍ കമിതാവിന് വിഷം നല്‍കി കൊലപ്പെടുത്തുക എന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമമില്ലെന്നും കോടതി വ്യക്തമാക്കി. ചുണ്ട് ഉള്‍പ്പടെ വിണ്ടു കീറി ആന്തരികാവയവങ്ങളുടെയെല്ലാം രക്തം വാര്‍ന്നു 11 ദിവസം നരകയാതന അനുഭവിച്ചാണ് ഷാരോണ്‍ മരിച്ചത്.
കേട്ടറിവുള്ള പതിവ് രീതികളിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു കാമുകി കാമുകനെ കൊലപ്പെടുത്താൻ സ്വീകരിച്ച നിന്ദ്യവും ക്രൂരവുമായ വഴികൊണ്ട് ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്