‘വെള്ള ടീ ഷർട്ട്’ പ്രസ്ഥാനവുമായി രാഹുൽ ഗാന്ധി (VIDEO)
ന്യൂഡൽഹി: പുതിയ ‘വെള്ള ടീ ഷർട്ട്’ പ്രസ്ഥാനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടാനായാണ് പുതിയ പ്രസ്ഥാനം ആരംഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ ദരിദ്രർക്ക് പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ഇതിനെതിരെ പോരാടണമെന്നും ആഹ്വാനം ചെയ്‌തായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
‘നിങ്ങൾ സാമ്പത്തിക നീതിയിൽ വിശ്വസിക്കുന്നുവെങ്കിൽ വർധിച്ചുവരുന്ന സമ്പത്ത് അസമത്വങ്ങളെ എതിർക്കുക, സാമൂഹിക സമത്വത്തിനായി പോരാടുക, എല്ലാത്തരം വിവേചനങ്ങളും നിരസിക്കുക, നമ്മുടെ രാജ്യത്ത് സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പരിശ്രമിക്കുക, നിങ്ങളുടെ വെള്ള ടീ-ഷർട്ടുകൾ ധരിച്ച് പ്രസ്ഥാനത്തിൽ ചേരുക,’ എക്‌സിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്‌തു.
‘ഇന്ന് മോദി സർക്കാർ ദരിദ്രർക്കും തൊഴിലാളി വർഗത്തിനും നേരെ പുറംതിരിഞ്ഞു നിൽക്കുകയാണ്. സർക്കാരിന്‍റെ മുഴുവൻ ശ്രദ്ധയും തെരഞ്ഞെടുത്ത കുറച്ച് മുതലാളിമാരെ സമ്പന്നരാക്കുന്നതിലാണ്. ഇക്കാരണത്താൽ, രാജ്യത്ത് അസമത്വം നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ രക്തവും വിയർപ്പും കൊണ്ട് പോഷിപ്പിക്കുന്ന തൊഴിലാളികളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. വിവിധതരം അനീതികളും അതിക്രമങ്ങളും സഹിക്കാൻ അവർ നിർബന്ധിതരാകുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.