വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ
ഹരിപ്പാട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രി പതിനൊന്നോടെ ചേപ്പാട് ഭാഗത്തുവെച്ചാണ് അസ്വസ്ഥതയുണ്ടായത്.
ആശുപത്രിയിലേക്കു പോകും വഴി കാഞ്ഞൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ഗതാഗതത്തിരക്കിൽ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ച് ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. അടിയന്തര ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.