ലോറൻസിന്‍റെ മൃതദേഹം: ആശ ലോറന്സിൻ്റെ അപ്പീല്‍ ഹൈക്കോടതി തള്ളി
എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പെൺമക്കളുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ആശാ ലോറൻസ് പ്രതികരിച്ചു. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകൾ സുജാതയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നുവെന്ന് ആശ പറഞ്ഞു.
മധ്യസ്ഥ ചർച്ചയിലും പ്രശ്‌ന പരിഹാരം ആകാതിരുന്നതിനെത്തുടർന്നാണ് കോടതി നടപടി. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ഉത്തരവിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെ വൈദ്യ പഠനത്തിന് വിട്ട് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മക്കളായ ആശാ ലോറൻസും സുജാതയുമാണ് കോടതിയെ സമീപിച്ചത്.
കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാഹ, ജനന, മരണ ചടങ്ങുകളെല്ലാം പള്ളികളിലാണ് നടന്നതെന്നും അസുഖ ബാധിതനായി കിടന്ന സമയത്ത് ലോറൻസ് പ്രാർഥന സ്വീകരിച്ചിട്ടുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുതിർന്ന അഭിഭാഷകനെ മധ്യസ്ഥനായി നിയമിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടതായി അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
സെപ്‌റ്റംബർ 21നാണ് എം എം ലോറൻസ് മരണപ്പെട്ടത്. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് മൃതദേഹം കൊച്ചി മെഡിക്കൽ കോളജിൽ എംബാം ചെയ്‌തു സൂക്ഷിച്ചിരിക്കുകയാണ്.
നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ആശാ ലോറൻസ് പ്രതികരിച്ചു. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകൾ സുജാതയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നുവെന്ന് ആശ പറഞ്ഞു