മുംബൈ: പരിഭവമില്ലാതെ ജീവിക്കാൻ കഴിയുന്ന തിരക്കുകളുടെ മഹാനഗരം

0

”  1990 ലാണ് ആദ്യം മുംബൈയിൽ വന്നത്. അന്ന് നഗരം പുഴുക്കത്തിൻ്റെ വാടയുമായി എന്നെ സ്വീകരിച്ചു. വന്നയുടൻ സ്വീപ്സിൽ ജോലി കിട്ടി. പക്ഷെ ഒരു മാസം പോലും തുടർന്നില്ല. നാട്ടിലേക്ക് ഒളിച്ചോട്ടം. ഒരു തരം ‘ഘർ വാപ്പസി’ . പിന്നീട് 2010 ൽ രണ്ടാമൂഴം ഉണ്ടായി. ഉപരിപഠനത്തിന് സെൻട്രൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതാണ്. അവധി ദിവസങ്ങളിൽ നഗരത്തിൻ്റെ ഊടുവഴികളിൽ കറക്കം. കൂടെ പഠിക്കാൻ ധാരാവിയിൽ നിന്നുള്ള ഒരു ലോഹേക്കർ ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം കുറേ സ്ഥലങ്ങളിൽ പോയി. നമ്മൾ സിനിമകളിലും പുസ്തകങ്ങളിലും കാണുന്നതല്ല മുംബൈ എന്ന തിരിച്ചറിവ് അദ്ദേഹമാണ് പകർന്നു തന്നത്. അപ്പോഴും പുഴുക്കത്തിൻ്റെ മണം അതേപോലെയുണ്ട്. പിന്നീട് ഔദ്യോഗികമായി സ്ഥലം മാറ്റം ലഭിച്ച് മൂന്നാം ഊഴത്തിൽ എത്തിയപ്പോൾ ഇടങ്ങൾ ഒട്ടും അപരിചതമായി തോന്നിയില്ല. കെട്ടിടങ്ങൾ കൂടുതൽ നീണ്ടു. മേൽപ്പാലങ്ങളുടെ എണ്ണം കൂടി. റോഡുകൾ വീതി കൂടി. എങ്കിലും നഗരത്തിൻ്റെ പുഴുക്ക മണത്തിന് ഒരു മാറ്റവുമില്ല.
=======

നഗരത്തിലെ എഴുത്തു ഭൂമികയെ കൂടുതൽ അടുത്തറിഞ്ഞത് അടുത്ത കാലത്താണ്. നിരവധി നല്ല സൗഹൃദങ്ങൾ ആ വഴി ലഭിച്ചു. നഗരത്തിലെ വലിയ മലയാളി ജനാവലിയിൽ ഫിക്ഷൻ വായിക്കുന്നവർ എത്രയുണ്ടാകും? വളരെക്കുറവാണ്. എഴുതുന്നവർ അതിലും എത്രയോ കുറവാണ്. പക്ഷെ വ്യക്തിപരമായി ഞാൻ മനസ്സിലാക്കിയത് വായിക്കുന്നവരുടെയും എഴുത്തുകാരുടെയും സംഖ്യ അടുത്ത കാലത്ത് വർദ്ധിച്ചു വരുന്നു എന്നാണ്. ജനകീയമായി മാറിയ സോഷ്യൽ മീഡിയയൊക്കെ ഇതിന് കാരണം ആയിട്ടുണ്ട്. മുംബൈയിലെ സാംസ്കാരിക പ്രസ്ഥാനങ്ങൾ മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ ശക്തമായി ശ്രമിക്കുന്നത് മറ്റൊരു കാരണമാണ്. എഴുതാനുള്ള പ്രേരണ നൽകുന്നതാണ് ഈ തിരിച്ചറിവ്.
===== = =

എഴുത്തിൽ നഗരത്തെ കൊണ്ടുവരാൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. പക്ഷെ അറിയാതെ നഗരം ഉള്ളിൽ കടന്നുവന്നു. മുംബൈ എന്ന് പറയുന്നില്ല എങ്കിലും നിഴൽനഗരം എന്ന നോവലിൽ നഗരത്തിൻ്റെ പൊട്ടും പൊടിയും പലയിടങ്ങളിലും കടന്നു വന്നിട്ടുണ്ട്.. നഗര പരിസരങ്ങളിൽ നിന്ന് കുറേ കഥകൾ കണ്ടെടുത്തു. ‘കബൂത്തർഖാനകൾ ഒഴിയുമ്പോൾ’, ‘അവസാനത്തെ പക്ഷികൾ’, ‘മൂന്ന് തോക്കുകൾ ‘തുടങ്ങി അങ്ങനെ നിരവധി കഥകളുണ്ട്.

അവസാനം ഇറങ്ങിയ നോവൽ ‘ദൈവികം’ മുഴുവനും മുംബൈയാണ്. പക്ഷെ നമ്മൾ കാണുന്ന നഗരമല്ല. ഉള്ളുകൊണ്ട് അറിയുന്ന മുംബൈയാണ്. നഗരം മൂടിയിട്ട മറ്റൊരു നഗരമുണ്ട്. സുഖവും ദുഖവുമൊക്കെ അടിഞ്ഞു കിടക്കുന്ന വലിയ ഖനികളാണത്. ഒരോ നഗരവാസിയും അറിഞ്ഞും അറിയാതെയുമൊക്കെ ആ ഖനികളിൽ നിന്ന് ജീവിതം കെട്ടിപ്പടുക്കാനുള്ള കട്ടകളും മണ്ണും മനസ്സുകൊണ്ട് കുഴിച്ചെടുക്കുന്നുണ്ട്.’ ദൈവികം’ നോവലിൽ ആ ചിന്തയാണ് കടന്നുവന്നത്.
==== === =

തിരക്കാണ് നഗരത്തിൻ്റെ മുഖം. തിരക്കില്ലെങ്കിൽ ഈ നഗരമില്ല. വൈകിട്ട് സി എസ് ടി സ്റ്റേഷനിൽ ചെന്നാൽ മതി, തിരക്കുകണ്ട് അന്തം വിടാൻ. അതുപോലെ ഓരോ തീവണ്ടിനിലയത്തിലും കാണാം വണ്ടികൾ വരുമ്പോഴുള്ള കൂട്ടയിടി. ആർക്കും പരാതിയില്ല. അവർ തിരക്കിനൊപ്പം ചരിക്കുന്നു. അല്ലെങ്കിൽ തിരക്ക് അവർക്കൊപ്പം ചരിക്കുന്നു. പരിഭവമില്ലാതെ ജീവിക്കാൻ കഴിയുന്നു എന്നതാണ് നഗരത്തിൻ്റെ പുണ്യം. ഇവിടുള്ള പല എഴുത്തുകാരുമായി തട്ടിച്ചു നോക്കിയാൽ ഞാൻ പുതുമുഖമാണ്. ഇന്നലെ വന്നവൻ , ഇവന് നഗരത്തിനെ കുറിച്ച് എന്തറിയാം എന്നു പറഞ്ഞ് പല ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട അനുഭവങ്ങൾ ഉണ്ട്. നഗരത്തിൻ്റെ ശീലം ഏറ്റെടുക്കാൻ കഴിഞ്ഞ കൊണ്ടാകാം അത്തരം കാര്യങ്ങളൊക്കെ നിസാരമായി തള്ളിക്കളയാൻ കഴിഞ്ഞത്. അതേസമയം പല വലിയ സംരഭങ്ങളും ഏറ്റെടുത്ത് നടത്താൻ കഴിഞ്ഞു എന്നതിൽ സന്തോഷവുമുണ്ട്. അതൊക്കെ വിശ്വസിച്ച് ഏൽപ്പിച്ചവരോട് നന്ദി പറയട്ടെ. കുറഞ്ഞകാലം കൊണ്ട് നല്ല സൗഹൃദബന്ധം ഉണ്ടായി എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. നഗരം മുഴുവനായി വലിയൊരു ലോക്കൽ തീവണ്ടിയാണ്. അതിൽ ഇടിച്ചു നിന്ന് യാത്ര ചെയ്യുന്നവരാണ് നാമെല്ലാം. സ്റ്റേഷൻ എത്തുമ്പോൾ ഇറങ്ങിപ്പോകേണ്ടവർ. സന്തോഷത്തോടെ യാത്ര പൂർത്തിയാക്കുക എന്നല്ലാതെ മറ്റെന്താണ് നമുക്ക് ലക്ഷ്യമാകേണ്ടത് !? നഗരമേ …നന്ദി ! ”

കണക്കൂർ ആർ സുരേഷ് കുമാർ  (9930697447)

*******    *******   *******  *******

 

 

ആലപ്പുഴ സ്വദേശിയാണ് കണക്കൂർ ആർ സുരേഷ് കുമാർ  1994 മുതല്‍ പ്രവാസ ജീവിതം. മുംബൈയില്‍ ആണവോര്‍ജ്ജ കോര്‍പ്പറേഷനില്‍ വ്യാവസായിക സുരക്ഷാവിഭാഗത്തില്‍ ജോലി ചെയ്യുന്നു. 20 വര്‍ഷക്കാലം കര്‍ണ്ണാടകത്തിലെ കാര്‍വാറിലായിരുന്നു. മാനേജുമെന്റില്‍ മാസ്റ്റര്‍ ബിരുദം. മുംബൈയിലെ സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വ്യാവസായിക സുരക്ഷയില്‍ ഉന്നതവിദ്യാഭ്യാസം.മലയാളം മിഷന്‍ പ്രവര്‍ത്തകയായ ലതയാണ് ഭാര്യ. മക്കള്‍ – വിഷ്ണു (ഡല്‍ഹി), ജിഷ്ണു (വിദ്യാര്‍ത്ഥി)

നിരവധി മറുനാടന്‍ മലയാളി സംഘടനകളുമായി ചേര്‍ന്ന് സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. ചില കഥകളുടെ ശബ്ദരേഖകള്‍ വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഒരു മികച്ച സംഘാടകൻ കൂടിയാണ് കണക്കൂർ മുംബൈയിൽ ഇതിനകം നിരവധി സാഹിത്യസംബന്ധിയായ പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു അദ്ദേഹം .

ചെറുകഥാസമാഹാരങ്ങളും ബാലസാഹിത്യങ്ങളും നോവലുകളുമായി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആന്തോജളികളുടെ ഭാഗമായിട്ടുമുണ്ട്

സര്‍പ്പാസ് (ട്രാവലോഗ്), ആള്‍മാറാട്ടം കഥാസമാഹാരം (12 കഥകള്‍), ദൈവത്തിന്റെ എസ് എം എസ് (35 മിനിക്കഥകള്‍), എഗ്ഗിറ്റേറിയന്‍ (നോവല്‍), മാന്ത്രീകമരം (നോവല്‍- ബാലസാഹിത്യം), ലേഡീസ് ബാര്‍ (കഥാസമാഹാരം) ദ്രവരാഷ്ട്രം- (കഥാസമാഹാരം ), ഗോമന്തകം (നോവല്‍), ഉത്തരങ്ങള്‍ തേടുന്ന കുട്ടികള്‍ (നോവല്‍- ബാലസാഹിത്യം) കാലം ദേശം കവിത- (കവിതകള്‍, പഠനം), നുങ്കമ്പാക്കം ദോശ (മൈക്രോ കഥകള്‍), നിഴല്‍ നഗരം , പാണികനും കുട്ടികളും (നോവല്‍- ബാലസാഹിത്യം) ,മഞ്ഞനിലാവ് – (കഥാസമാഹാരം), ബൗദി (നോവല്‍ )- ബൗദി കന്നഡ ഭാഷയിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്‌ ..ചൂതാട്ടക്കാരനം രണ്ടു നാടകങ്ങളും (നാടകങ്ങള്‍), നിര്‍മ്മിതബുദ്ധി തുറക്കുന്ന ലോകം (നോവല്‍ – ബാലസാഹിത്യം), ജറവ (കഥാസമാഹാരം) ,ഒരു വീട് വില്‍ക്കാനുണ്ട് (കഥാസമാഹാരം) , കുളം തോട് കായല്‍- (ബാലസാഹിത്യം). മഹാനഗരത്തിന്റെ നിറഭേദങ്ങള്‍ – (കഥകള്‍)- ആന്തോളജി ,സോമുവിന്റെ പുഴ- (ബാലനോവല്‍)

മനോരാജ്യം വാരിക നടത്തിയ മിനിക്കഥ മത്സരത്തില്‍ ഒന്നാം സമ്മാനം,ബാംഗ്‌ളൂര്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ ചെറുകഥ പുരസ്‌കാരം-, മുംബൈ മഹാകേരളീയം പുരസ്‌കാരം,സി വി ശ്രീരാമന്‍ ചെറുകഥാ പുരസ്‌കാരം,യെസ്പ്രസ് നോവല്‍ അവാര്‍ഡ്, വി ടി ഗോപാലകൃഷ്ണന്‍ പുരസ്‌കാരം,തകഴി സാഹതീയം പ്രത്യേക ജൂറി പുരസ്‌കാരം,സുകുമാര്‍ അഴിക്കോട് തത്ത്വമസി ജ്യോതിര്‍ഗമയ പുരസ്‌കാരം,
ആര്‍ട്ട്‌സ് ഹൈദരാബാദ് ഗോള്‍ഡന്‍ ക്യാറ്റ് പുരസ്‌കാരം,മുംബൈ, ലോക് കല്യാണ്‍ സമാജത്തിന്റെ അക്ഷരശ്രീ പുരസ്‌കാരം , കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ തകഴി ചെറുകഥാപുരസ്‌കാരം, , പി കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ താമരത്തോണി സാഹിത്യ പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ കണക്കൂർ സുരേഷ്‌കുമാറിന് ലഭിച്ചു കഴിഞ്ഞു .
ചെറുകഥാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിനുള്ള ‘പ്രതീക്ഷ ഫൗണ്ടേഷൻ്റെ ‘ പുരസ്ക്കാരം അദ്ദേഹം ഇന്ന് ,വസായിയിൽ നടക്കുന്ന സാഹിത്യശിൽപ്പശാലയിലെ ചടങ്ങിൽ വെച്ച് സ്വീകരിക്കും.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *