“മുംബൈ എൻ്റെ രണ്ടാംവീട് ” എം. രാജീവ് കുമാർ
“ഇത് മുംബൈ മഹാനഗരം. ഞാനിവിടെ വരാൻ തുടങ്ങിയിട്ട് 35 വർഷമായി. എല്ലാ കൊല്ലവും ഒന്നോ രണ്ടോ മൂന്നോ നാലോ അഞ്ചോ ആഴ്ചകൾ. വന്നാലുടനെ ഒരു സീസൺ ടിക്കറ്റെടുക്കും. പിന്നെഒറ്റയ്ക്ക് മുംബൈയുടെ റൂട്ടുമാപ്പുമായി തിരക്കിനിടയിലേക്ക് ഒറ്റ ച്ചാട്ടമാണ്. പിന്നെ ഊളിയിടുകയായി.മുംബയിൽ ഏത്ര വലിയവനായാലുംനിങ്ങളെ ആരും ശ്രദ്ധിക്കണമെന്നില്ല!
അങ്ങനെ ഒറ്റയ്ക്ക് നടന്നാണ് മുംബൈയുടെ വഴികൾ ഞാൻ പഠിച്ചത്. ഊടുവഴികളും. എങ്ങനെ പോയാലും ആദ്യ മൊക്കെ തെറ്റിപ്പോകും. പെരുവഴികൾ കണ്ടുകണ്ട് ഊടുവഴികളിലേക്ക് കടക്കും. ഒരിടത്ത് തെറ്റിയാൽ മറ്റൊരിടത്ത് ശരിയാകും.
1989 മുതൽ സ്ഥിരമായി താനയിൽ നിന്ന് വിക്ടോറിയ ടെർമിനലിലേക്ക് പോകുമായിരുന്നു. ഛത്രപതി ശിവജി ടെർമിനലായപ്പോഴും തിരക്കു കൂടിയതല്ലാതെ കുറവില്ല. മനുഷ്യർ മുംബൈയിൽ പുഴുക്കളാകുന്നത് കാണണമെങ്കിൽ സബർബൻ റെയിൽവേ സ്റ്റേഷനിൽ തന്നെ പോകണം. രണ്ടാം ക്ലാസ്സ് തീവണ്ടിയിൽ തന്നെ കയറണം. മൂന്ന് മിനിറ്റ് ഇടവിട്ട് ഓരോ സ്‌റ്റോപ്പുകൾ. മുംബൈ അങ്ങനെ വികസിച്ച് ന്യൂ ബോംബെയും കടന്ന് കുതിക്കുകയാണ്. ന്യൂബോംബെയിൽ വിമാനത്താവളവും വരാൻ പോകുന്നു. അതിവേഗമാണ് മുംബൈ കുതിക്കുന്നത്. മുപ്പതും നാല്പതും നിലകളുള്ള കെട്ടിടങ്ങൾ ഒരിടത്ത്.സിമന്റും കമ്പിയും ശരിയായ അനുപാതത്തിലല്ലാതെ ചേർത്ത് പത്തുകൊല്ലത്തിനിടയിലിടിഞ്ഞു പോകുന്ന
കെട്ടിടങ്ങൾ. നഷ്ടപരിഹാരം പോലും കിട്ടാതെ പോയതു പോയെന്നു കരുതേണ്ടി വരുന്നവർ. ഒരു വിധത്തിൽ സാധാരണക്കാരന്റെ ജീവിതം കഷ്ടതരമാണ്.നോക്കെത്താത്ത ദൂരത്തോളം ചേരികൾ. സമ്പന്നർക്കും ദരിദ്രർക്കുംഒരു പോലെ ജീവിക്കാം. കരുതലില്ലെങ്കിൽ കബളിപ്പിക്കപ്പെടും.
നമ്മുടെ നാട്ടിൽ വിശാലമായ വീടുകൾ വാർത്ത് കോംപൗണ്ട് വാളും കെട്ടി പണക്കൊഴുപ്പു കാണിക്കുമ്പോൾ മൂന്നുമുറികളും ഒരടുക്കളയുമാണ് ബോംബെയിലെ ശരാശരിക്കു മീതെയുള്ളവരുടെ സന്തുഷ്ട വാസസ്ഥലം. താമസിക്കാൻ സ്ഥലമില്ല. അതാണ് പ്രധാന പ്രശ്‌നം. മോടിയും ധാടിയും കൂട്ടാൻ നേരമില്ല. സ്ഥലവുമില്ല. അയൽ വീടും നോക്കിയിരിക്കുകയല്ലിവിടെ. ഒന്നിനും ആർക്കും നേരമില്ലിവിടെ. ആൾക്കൂട്ടത്തിൽ ആനന്ദ് വരച്ചിടുന്ന ബോംബെ വളർന്ന് മാനം മുട്ടിയിരിക്കുന്നു. പുതിയ മുംബൈയെപ്പറ്റി എഴുതാനും ഇവിടാരുമില്ല.
ഇവിടെ ബസ്സുകളല്ല ഇലക്ട്രിക് ട്രെയിനുകളിലാണ് നെടുകെ തലങ്ങും വിലങ്ങും ഓടുന്നത്. എല്ലാവരും യാത്രട്രെയിനിലാണ്.. ട്രാഫിക് തടസ്സം കൊണ്ട് കാറോടി എത്തുന്നതിനേക്കാൾ വേഗത്തിൽ ഒരു മിന്നായം പോലെ സബർബൻ ട്രയിനുകളിലെത്താം. ഇരുതലമൂരികളായ ട്രെയിനുകൾ.
എനിക്കേറെ കൗതുകം പകർന്നിട്ടുള്ളത് ട്രെയിനിന്റെ മുകളിൽ നിന്ന് ഞാത്തിയിട്ട വിലങ്ങുകളാണ്. അതിൽ മുറുകെപ്പിടിച്ച് നിൽക്കുന്ന യാത്രികരാണ്. ഞാൻ കാണുന്ന മുംബൈയുടെ ദൃശ്യപ്രതീകം. വിലങ്ങണിഞ്ഞ മനുഷ്യരാണെന്നേ തോന്നൂ.
ഇവരെയെല്ലാം രാവിലെ ഛത്രപതി ശിവാജിയുടെ ടെർമിനലിലോ ചർച്ച് ഗേറ്റിലോ കൊണ്ടു തള്ളാനാണോ തീവണ്ടികൾ പായുന്നത്! മഹാനഗരങ്ങളിൽ തിരക്കിനോട് മല്ലടിക്കുന്നവർക്കിതൊരു പുതുമയല്ലായിരിക്കും.
മൂന്ന് പതിറ്റാണ്ടുകളായി വന്നുപോകുന്ന എനിക്കിപ്പോഴും കൗതുകം കെട്ടടങ്ങിയിട്ടില്ല.
സബർബൻ ട്രെയിൻ യാത്ര എനിക്കൊരു ഹരമാണ്. ഇവിടെ വന്നുകഴിഞ്ഞാൽ വേറെ പണിയൊന്നുമില്ലല്ലോ. തോന്നിയ സ്‌റ്റേഷനിൽ ഇറങ്ങി വഴിനീളെ വായിനോക്കി നടക്കും. എന്തെന്ത് കാഴ്ചകളും അനുഭവങ്ങളുമാണെന്നോ മുംബൈ എനിക്കു തന്നിട്ടുള്ളത്. കഥയായും കുറിപ്പുകളായും എഴുതിക്കൊണ്ടുമിരിക്കുന്നു.കോവിഡ് കാലത്തിനുശേഷമാണ് കഴിഞ്ഞ വർഷം ഞങ്ങൾ വന്നത് ‘
കഴിഞ്ഞ മുംബൈ യാത്രയിൽ ആദ്യം തന്നെ ഒരു ടൂറിസ്റ്റ് സീസണെടുത്തു. സബർബൻ തീവണ്ടികളിലെ ഒന്നാംക്ലാസ്സിൽ ഏഴു ദിവസത്തേക്ക് ഏത് തീവണ്ടിയിലും കയറാം. പനവേൽ മുതൽ മുംബൈ വരെയുള്ള തീവണ്ടികൾ. വാശി മുതൽ സി.എസ്.ടി. വരെയുള്ള തീവണ്ടികൾ. ദാദറിൽ നിന്ന് അപ്പുറത്തെ റെയിൽവേയിലേക്കും ഇപ്പുറത്ത് ഹാർബർ ലൈറിലേക്കും മാറി മാറിസെൻട്രൽ വെസ്റ്റേൺ ട്രെയിനനുകളിൽ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. ക്യൂ നിന്ന് ടിക്കറ്റെടുക്കണ്ട. പണ്ടൊക്കെ വി.ടി മുതൽ താന വരെ എല്ലാ സ്റ്റേഷനും നല്ല തിരക്കായിരുന്നു. ഇപ്പോൾ അതും കഴിഞ്ഞ് കല്യാണിലേക്കൊന്നു ചെന്നാൽ എന്തൊരു തിരക്കാണ്. സൂചി കുത്താൻ സ്ഥലം കാണില്ല.
ഏഴു ദിവസത്തെ ഫസ്റ്റ് ക്ലാസ്സ് ടൂറിസ്റ്റ് പാസ്സ്, മുംബൈ സബർബൻ ട്രെയിനിൽ പ്രാബല്യത്തിൽ കൊണ്ടുവന്നത്. 555 രൂപ കൊടുത്താൽ ടിക്കറ്റ് കിട്ടും. കൂടുതൽ നാൾ യാത്ര ചെയ്യണമെങ്കിൽ പുതുക്കി വീണ്ടും എടുക്കാം. ഞാനതും കൊണ്ടായിരുന്നു യാത്ര. രാത്രി പന്ത്രണ്ട മണി വരെ എവിടെയും പോകാം. അതു കഴിഞ്ഞാൽ പുലർച്ചെ നാല് മണിക്ക് തുടങ്ങും. അപ്പോഴും തിരക്കു തന്നെ.
മുംബൈ മഹാനഗരം ഉറങ്ങുന്നില്ല. പാതിരാത്രിയിലും തിരക്കിനൊരു കുറവുമില്ല. മനുഷ്യർ ജീവിക്കുകയാണിവിടെ.
കഴുത്തിലും കാതിലുമൊക്കെ കെട്ടിത്തൂക്കിക്കൊണ്ട് പെണ്ണുങ്ങളിറങ്ങാറില്ല.ഇറങ്ങി യാൽ പോക്കാണ്. ശരീരമല്ല, സ്വർണ്ണമാണ് മുംബൈയിൽ വിലപ്പെട്ടത്. സ്ത്രീകൾ അധികം പീഡനത്തിനിവിടെ ഇരയാകുന്നില്ല. വല്ലവനും വല്ലതും വശക്കേടായിപ്പറഞ്ഞാലും തോ ണ്ടിയാലും പെണ്ണുങ്ങൾതന്നെ കുനിച്ചുനിർത്തി ഇടിക്കുന്നത് റെയിൽവേസ്റ്റേഷനിൽ പണ്ടൊക്കെ സാധാരണ കാണാറുള്ള കാഴ്ചയായിരുന്നു. മറാഠി പെണ്ണുങ്ങളുടെ ഇടി കൊള്ളാനായി മുംബൈയിൽ വരുന്ന മലയാളി ആണുങ്ങളെ കാണുമ്പോൾ സഹതാപം തോന്നും.
കഴിഞ്ഞ തവണത്തെ യാത്രയിൽ മാസ്‌ക്കിട്ട് വന്നിറങ്ങിയ ഞങ്ങളെ ഒരത്ഭുതത്തോടെയാണ് അവിടുത്തുകാർ നോക്കിയത്. കോവിഡിന്റെ നാളുകൾ എല്ലാവരും മറന്നിരിക്കുന്നു. ഇവിടെയാരും ഇപ്പോൾ മാസ്‌ക്കിടാറില്ല. മനുഷ്യർക്ക് എത്ര വേഗമാണ് മാറാൻ കഴിയുന്നത്.
ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. വസ്ത്രധാരണത്തിൽ വന്ന മാറ്റമാണ്. സ്ത്രീകൾ ഉരിഞ്ഞിട്ട ചിക്കനെ ഓർമ്മിപ്പിക്കുന്ന ലഗ്ഗിങ്‌സ് പാടെ ഉപേക്ഷിച്ചു കഴിഞ്ഞു. പ്രായഭേദമന്യേ ജീൻസുംടോപ്പും കുട്ടിക്കുപ്പായവും ധരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇടത്തരം സ്ത്രീകൾ മിന്നുന്ന സാരിയുടുത്ത് കുടുംബാംഗങ്ങൾക്കൊപ്പം… .
മുംബൈയിലെ പ്രസിദ്ധമായ പുസ്തകശാല ‘സ്ട്രാൻസ്’ പൂട്ടിയിരിക്കുന്നു. മുമ്പൊക്കെ ലോകത്ത് ആദ്യം ഇറങ്ങുന്ന പുസ്തകങ്ങൾ സ്ട്രാൻഡിലായിരുന്നു വന്നിരുന്നത്. ഇന്ന് ഒരേ ഒരു പുസ്തകശാലയാണ് മുംബൈയിൽ, കിതാബ് ഖാന. ഫ്‌ളോറാഫൗണ്ടന് സമീപം. വിസ്താരമായ അകമാണ്. അകത്ത് ഏത് പുസ്തകവും എടുത്ത് എത്രനേരം വേണമെങ്കിലും അവിടെ ഇരുന്ന് വായിക്കാം. ക്ഷീണം തോന്നുമ്പോൾ അകത്ത് കാപ്പിയും ചെറുകടികളുമുള്ള ഏർപ്പാടുമുണ്ട്. മുകളിലത്തെ നിലയിലും പുസ്തകങ്ങൾ. ലോകകമ്പോളത്തിലിറങ്ങുന്ന പുതുപുത്തൻ പുസ്തകങ്ങൾ. ഇപ്പോൾ ഏത് പുസ്തകം വേണമെങ്കിലും ആമസോൺ വഴി ഇന്ത്യയുടെ ഏതു ഭാഗത്തു നിന്നും വരുത്താനുള്ള വിരൽത്തുമ്പിലെ സംവിധാനമുണ്ട്. എന്നാലും കൂട്ടത്തിനിടയിൽ ഒരു പൂന്തോട്ടം കാണുന്ന പ്രതീതി എവിടെ, കൊറിയറിലൊരു പൂ പൊതിഞ്ഞു കെട്ടി വരുമ്പോഴുള്ള ആഹ്ലാദം എവിടെ? പുസ്തകങ്ങളുടെ ഒരു പൂന്തോട്ടമാണ് ‘കിതാബ്ഖാന’!
ലോകത്തിലെ പ്രസിദ്ധരായ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങളുണ്ടിവിടെ. ഏതും എടുക്കത്തക്കവിധത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. പല വലിപ്പത്തിലുള്ള ആകൃതിയിലുള്ള പുസ്തകങ്ങൾ. ഒക്കെയും പുതുപുത്തൻ. 2022 ലേത്. അതാണതിന്റെ ആകർഷകഘടകം.
കോവിഡിനു മുമ്പില്ലാത്ത ഒരേർപ്പാട് ഇത്തവണ കണ്ടുകൊണ്ടിരിക്കുകയാണ്. സബർബൻ സ്റ്റേഷനിലെല്ലാം ഫുഡ്പാത്ത് കച്ചവടക്കാർക്കിടയിൽ പുസ്തകക്കച്ചവടം പൊടിപൊടിക്കുന്നു. കൂട്ടിയിട്ട് കൂമ്പാരമായി വിൽക്കുന്നു. കപ്പലിൽ കൈമാറ്റം ചെയ്ത പുസ്തകങ്ങൾ. മുന്നൂറുരൂപ വില പറയും. നൂറ് രൂപയ്ക്ക് വിലപേശിയാൽ കിട്ടും. ‘കിതാബ്ഖാന’യിൽ നിരത്തിവച്ചിരിക്കുന്ന മികവുറ്റ പുസ്തകങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് പുസ്തകങ്ങൾ കുറച്ച് പടിഞ്ഞാറ് മാറി ചർച്ച് ഗേറ്റിലേക്കുള്ള കുറുക്കുവഴി മൈതാനത്തിൽ തുടങ്ങുമ്പോൾ നിരനിരയായി വിൽക്കുന്നുണ്ട്. പുറത്ത് ആയിരത്തിനൊരു രൂപ കുറിച്ചിട്ടിരിക്കുന്ന പുസ്തകങ്ങൾ നിങ്ങൾക്ക് ഇരുന്നൂറു രൂപയ്ക്ക് കിട്ടും. നൊബേൽ പ്രൈസും ബുക്കറുമൊക്കെ പ്രഖ്യാപിക്കുന്നതിനു മുമ്പേ അതിന്റെ പൈററ്റ് എഡിഷൻ ഇറങ്ങുന്നത് എങ്ങനെയെന്ന് പത്തു നാൽപതു കൊല്ലം പ്രസാധനരംഗത്ത് പ്രവർത്തിക്കുന്ന എനിക്കിതുവരെ മനസ്സിലായിട്ടില്ല. ഇതിന്റെ അച്ചടിക്കൂലി എങ്ങനെ മുതലാവുമെന്നും മനസ്സിലായിട്ടില്ല.
ഇത് മുംബൈയാണ്. തരികിടകൾ സരിഗമപാടിയാർക്കുന്ന നഗരം. ഉടായിപ്പുകളുടെ വാ ദ്യാഘോഷങ്ങളാണെങ്ങും.
ഫ്‌ളോറാ ഫൗണ്ടേഷനിൽ പഴയ പുസ്തകങ്ങളുടെ മൂന്നു നാല് വില്പനക്കാരുണ്ട്. അവരുടെ പക്കലുള്ള പുസ്തകങ്ങൾ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള പുസ്തകങ്ങളല്ല. എഞ്ചിനീയറിങ്ങിന്റേയും മെഡിസിന്റെയും പുസ്തകങ്ങൾ വാങ്ങാനല്ല അവിടെ വായനക്കാർ വരുന്നത്. അപൂർവ്വമായ പുസ്തകങ്ങളുണ്ടാവും ചുളിവ് വിലക്ക് കിട്ടും. ഉദാഹരണത്തിന് എട്ടുപത്തുകൊല്ലം മുമ്പ് അവിടെ നിന്ന് വാങ്ങിയ കനത്ത സമാഹാരത്തിൽ അതാ കിടക്കുന്നു എം.ടി. വാസുദേവൻ നായരുടെ ‘വളർത്തുമൃങ്ങൾ’. ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ മലയാള ചെറുകഥാമത്സരത്തിൽ വന്ന കഥകളുടെ സമാഹാരം. കെ.ടി. മുഹമ്മദിന്റെ ‘കണ്ണു’കളും അതിലുണ്ട്. ബർണാഡ്ഷായുടെ നാടകങ്ങൾ മുഴുവനുള്ള രണ്ടായിരം പോജുള്ള ഒരു പഴയ പുസ്തകം. അന്ന് നൂറ്റമ്പത് രൂപയ്ക്കാണ് വില പേശിക്കിട്ടിയത്. ഇത്തവണ അവിടെയും പോകണം. എന്നാൽ ഫ്‌ളോറാഫൗണ്ടനിലേക്കുള്ള റോഡിന്റെ ഇടതുഭാഗം കുഴിക്കുകയാണ്. എയർപോർട്ട് ചുറ്റിയുള്ള മെട്രോയ്ക്കു വേണ്ടി. അടുത്ത കൊല്ലം പണി പൂർത്തിയാക്കുമെന്ന് പറയപ്പെടുന്നു. എന്നാലും മറച്ചുകെട്ടി നഗരഹൃദയത്തിൽ പണി നടക്കുന്നതറിയുകയേ ഇല്ല.
ഇത്തവണയുള്ള വരവിൽ ഞാനെങ്ങും പോയില്ല. മുംബൈ പെട്ടന്ന് മാറിയിരിക്കുന്നു. തിരിച്ചറിയാനാവാത്ത വിധം പാതകൾ. മെട്രോ ട്രെയിനുകൾ…. ശീതീകരിച്ച സബർബൻ തീവണ്ടികൾ. എങ്കിലും യാത്ര എല്ലാം കാറിലായിരുന്നു. പ്രായം ഏറുകയല്ലേ,
മുംബൈ, ചെന്നിറങ്ങുന്നവരെയെല്ലാം വശീകരിക്കുന്നൊരു മോഹിനിയാണ്. അ ഇവിടേക്കാകർഷിച്ചുകൊണ്ടിരിക്കും. ആദ്യം കുതറുമെങ്കിലും ക്രമേണ അതിന്റെ മടിയിൽ തലചായ്ച്ചുറങ്ങാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്താണെന്നറിയില്ല പണ്ടേ മുംബൈ എനിക്കൊരു രണ്ടാം വീടാണ്. “
എം. രാജീവ് കുമാർ
കാലത്തെ അതി ജീവിക്കുന്ന കഥകളെഴുതിയ ,എഴുതികൊണ്ടിരിക്കുന്ന കഥാകാരനാണ് എം.രാജീവ്കുമാർ .മുംബൈ നഗരവുമായി വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരൻ . മലയാളകഥ ഇന്നോളം കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങള്‍ക്ക് തിരികൊളുത്തിയ കഥകളുമായി അഞ്ചുപതിറ്റാണ്ടിലധികമായി അദ്ദേഹം എഴുത്തിൻ്റെ ലോകത്ത് ഒരു ഒറ്റയാനെപ്പോലെ വിരാജിക്കുകയാണ് .ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും കാലദേശങ്ങളുടെ അതിര്‍ വരമ്പുകള്‍ മാച്ചുകളയുകയും ചെയ്യുന്ന മലയാളകഥാ സാഹിത്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ഗോപുരത്തിന് മാതൃകകളില്ല. സ്വയം സംസാരിക്കുന്ന എം . രാജീവ് കുമാറിന്റെ കഥകള്‍ മലയാളത്തിന് അഭിമാനമാണ് .
ഏകദേശം 1500 ഓളം എഴുത്തുകാരുടെ ആദ്യ കൃതികള്‍ക്ക് അച്ചടിമഷി പുരണ്ടത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘പരിധി’യിലൂടെയാണ് .സമകാലിക സാഹിത്യ ‘പണ്ഡിതൻ’ മാരുടെ സാഹിത്യമോഷണങ്ങൾ ഭയലേശമന്യേ പൊതുജന മധ്യത്തില്‍ തുറന്നുകാട്ടാന്‍ അദ്ദേഹത്തെപ്പോലെ നട്ടെല്ലുള്ള, ധൈര്യശാലിയായ ഒരു സാഹിത്യകാരന്‍ മലയാളത്തില്‍ ഇല്ലെന്ന് നിസ്സംശയം പറയാം. അധികാരത്തിന്റെയും അവാര്‍ഡുകളുടെയും പുറകെ തലകുനിച്ചു പോകാതെ നട്ടെല്ല് നിവര്‍ത്തി സാഹിത്യസപര്യ നടത്തുന്നഅപൂർവ്വതയാണ് ഡോ.എം.രാജീവ് കുമാറെ വ്യത്യസ്തനാക്കുന്നത് .