ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

0

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇന്ന് പുതിയ മേല്‍ശാന്തിമാരാണ് ശബരിമല മാളികപ്പുറം ക്ഷേത്ര നടകള്‍ തുറന്നത്.

ശബരിമല മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയും ഇന്നലെയാണ് ചുമതലയേറ്റത്. വൈകീട്ട് നാലിന് കണ്ഠരര്‍ രാജീവര്‍, മകന്‍ കണ്ഠരര്‍ ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങി ഇരുമുടിക്കെട്ടുമായി തിരുമുറ്റത്ത് കാത്തു നിന്ന അരുണ്‍കുമാര്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയെയും കൈപ്പിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.

മന്ത്രി വി എന്‍ വാസവന്‍, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി സുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ സി വി പ്രകാശ്, എഡിജിപി എസ് ശ്രീജിത്ത്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മുരാരി ബാബു എന്നിവര്‍ സന്നിഹിതരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *