കേരള- കാലിക്കറ്റ് ക്യാംപസുകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കൽ സമരം
തിരുവനന്തപുരം: 4 വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. സമരപരിപാടികളുടെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച) കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളെജുകളിൽ പഠിപ്പുമുഠക്കൽ സമരം നടത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർധന ഉണ്ടാവില്ലന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർധന ഉണ്ടായിരിക്കുന്നതെന്നും കെഎസ്‌യു കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി സർക്കാർ കൂട്ടുകച്ചവടമാണ് ഉണ്ടായിരിക്കുന്നത്. യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു. സർവകലാശകൾ വിദ്യാർഥി വിരുദ്ധ തീരുമാനം ഉടനടി പിൻവലിക്കാത്തപക്ഷം ശക്തമായ സമരമാർഗത്തിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.