250 ഗ്രാം ഉരുളക്കിഴങ്ങ് കാണാതായി, പൊലീസ് അന്വേഷിക്കണം: 112ൽ വിളിച്ച് പരാതി പറഞ്ഞ്
ലഖ്‌നൗ: കാണാതായ 250 ഗ്രാം ഉരുളക്കിഴങ്ങ് കണ്ടെത്താനായി പൊലീസിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞ് മധ്യവയസ്കൻ. ഉത്തർപ്രദേശിലാണ് സംഭവം. ഹർദോയ് ജില്ലയിലെ മന്നപൂർവ്വ സ്വദേശിയായ വിജയ് വർമയാണ് പൊലീസിൻ്റെ അടിയന്തര ടോൾഫ്രീ നമ്പറായ 112 ൽ വിളിച്ച് പരാതി അറിയിച്ചത്. വീട്ടിൽ നിന്ന് ഉരുളകിഴങ്ങ് കാണാതായെന്നും അന്വേഷിക്കണമെന്നുമായിരുന്നു വിജയ് വർമയുടെ ആവശ്യം.
ദീപാവലിയുടെ തലേദിവസമായിരുന്നു സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് വിജയ് വർമയുടെ വീട്ടിലെത്തി കാര്യം തിരക്കി. ഫോണിൽ വിളിച്ച് പറഞ്ഞ കാര്യങ്ങൾ വിജയ് വർമ ആവർത്തിച്ചു. മദ്യപിച്ചിട്ടാണ് വിളിച്ചതെന്ന് സംശയം തോന്നിയതോടെ പൊലീസ് ഇക്കാര്യ വിജയ് വർമയോട് ചോദിച്ചു. മദ്യപിച്ചിട്ടുണ്ട് എന്നായിരുന്നു വിജയ് വർമയുടെ മറുപടി. അതിന് വിശദീകരണവും അദ്ദേഹം നൽകി. താൻ ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്യുകയാണെന്നും വൈകീട്ട് അൽപം മദ്യപിക്കുമെന്നും വിജയ് വർമ പറഞ്ഞു. എന്നാൽ ഇത് മദ്യപാനവുമായി ബന്ധപ്പെട്ട വിഷയമല്ല. ഉരുളക്കിഴങ്ങ് കാണാതായതാണ് വിഷയമെന്നും വിജയ് വർമ പറഞ്ഞു.