പുതിയ ബൈക്കുമായി റോയൽ എൻഫീൽഡ്, പേര് ബെയർ 650
ഇന്റർസെപ്റ്റർ 650യെ അടിസ്ഥാനപ്പെടുത്തി പുതിയ സ്ക്രാംബ്ലർ ബൈക്കുമായി റോയൽ എൻഫീൽഡ്. ബെയർ 650 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിനെ എൻഫീൽഡ് കഴിഞ്ഞ ദിവസമാണ് പ്രദർശിപ്പിച്ചത്. 650 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഏറെ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്.
സസ്പെൻഷനിലും വീൽ സൈസിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ഷോവ യുഎസ്‍ഡി ഫോർക്കാണ് വാഹനത്തിന്. സ്ക്രാംബ്ലറിന് അനുയോജ്യമായ സസ്പെൻഷൻ ട്രാവലും നൽകിയിരിക്കുന്നു. മുന്നിൽ 320 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 270 എംഎം ഡിസ്ക് ബ്രേക്കുമാണ്. പുതിയ ഹാൻഡിൽ ബാറും പൊസിഷൻ മാറ്റിയ ഫുട്പെഗുമുണ്ട്.
റോയൽ എൻഫീൽഡിന്റെ മറ്റ് 650 സിസി ബൈക്കുകളിൽ ഉപയോഗിക്കുന്ന 648 സിസി പാരലൽ ട്വിൻ എൻജിൻ തന്നെയാണ് ബെയർ 650യിലും. രണ്ട് എക്ഹോസ്റ്റ് പൈപ്പിന് പകരം ഒരു എക്സ്ഹോസ്റ്റ് പൈപ്പ് നൽകിയിരിക്കുന്നു എന്നതാണ് പ്രധാന മാറ്റം. എൻജിന്റെ കരുത്ത് 47 എച്ച്പിയായി തന്നെ തുടർന്നെങ്കിലും ടോർക്ക് 52 ൽ നിന്ന് 56.5 എൻഎമ്മായി മാറിയിട്ടുണ്ട്.