ടീമുകൾ ആരെയൊക്കെ നിലനിർത്തും?; ഗുജറാത്ത് ‘ടൈറ്റാകാതിരിക്കാൻ’ ശമ്പളം കുറച്ച് ഗിൽ, കൊൽക്കത്തയുടെ ‘ശ്രേയസ്’ പോകും!
ന്യൂഡൽഹി∙ സൂപ്പർ താരം വിരാട് കോലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീം ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിടാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നിലവിലെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയവരെ ടീമിൽ നിലനിർത്തേണ്ടെന്നു ബെംഗളൂരു തീരുമാനിച്ചതോടെയാണ് നായക സ്ഥാനത്തേക്ക് മുപ്പത്തിയഞ്ചുകാരനായ കോലി തിരിച്ചെത്തുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. 2013 മുതൽ 2021വരെ ക്യാപ്റ്റനായിരുന്ന കോലിയുടെ കീഴിൽ ടീം 4 തവണ പ്ലേ ഓഫും ഒരു ഫൈനലും കളിച്ചിട്ടുണ്ട്.
∙ കമിൻസ് തുടരും
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസ് തുടരും. കമിൻസിനു പുറമേ, ഹെയ്ൻറിച് ക്ലാസൻ, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയാണ് ലേലത്തിനു മുൻപ് ഹൈദരാബാദ് നിലനിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം.
∙ ശ്രേയസ് പുറത്തേക്ക്
ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ ലേലത്തിന് എത്തുന്നത്. ശ്രേയസിനൊപ്പം സൂപ്പർ താരം ആന്ദ്രെ റസലും ടീമിനു പുറത്തേക്കു പോകുമെന്നും റിപ്പോർട്ടുണ്ട്. സുനിൽ നരെയ്ൻ, റിങ്കു സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവരാകും കൊൽക്കത്ത ടീം നിലനിർത്തുന്ന താരങ്ങൾ.
∙ ശമ്പളം കുറച്ച് ഗിൽ
ടീമിന്റെ സാമ്പത്തിക ഞെരുക്കം ഒഴിവാക്കാൻ തന്റെ ശമ്പളം വെട്ടിക്കുറച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. 18 കോടി രൂപയിൽ നിന്ന് 14 കോടിയിലേക്ക് ഗിൽ തന്റെ ശമ്പളം കുറച്ചതായാണ് വിവരം. ഗില്ലിനു പുറമേ, റാഷിദ് ഖാൻ, സായ് സുദർശൻ, രാഹുൽ തെവാത്തിയ, ഷാറൂഖ് ഖാൻ എന്നിവരെയാണ് ഗുജറാത്ത് ടീം നിലനിർത്തുന്നത്.
∙ ധോണി അൺ ക്യാപ്ഡ്
എം.എസ്.ധോണിയെ അൺ ക്യാപ്ഡ് താരമായി ഉൾപ്പെടുത്തി ടീമിൽ നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്സ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരാന, ശിവം ദുബെ എന്നീ താരങ്ങളെയും ചെന്നൈ നിലനിർത്തിയതായാണ് റിപ്പോർട്ട്.
∙ നിലനിർത്താം, 6 പേരെ
മെഗാ ലേലത്തിനു മുൻപ് ടീമുകൾക്ക് പരമാവധി 6 താരങ്ങളെ നിലനിർത്താം. ഇവരെ നേരിട്ടോ റൈറ്റ് ടു മാച്ച് (ആർടിഎം) വഴി ലേലത്തിൽ എടുക്കുകയോ ചെയ്യാം. നിലനിർത്തുന്ന താരങ്ങൾ ഇന്ത്യക്കാരാകണമെന്ന് നിർബന്ധമില്ല. എന്നാൽ പരമാവധി 5 ക്യാപ്ഡ് താരങ്ങളെയും (5 വർഷത്തിനുള്ളിൽ രാജ്യാന്തര മത്സരം കളിച്ചവർ) 2 അൺ ക്യാപ്ഡ് (ഇന്ത്യൻ ആഭ്യന്തര താരങ്ങളും വിരമിച്ചവരും) താരങ്ങളെയും മാത്രമേ ടീമുകൾക്ക് നിലനിർത്താൻ കഴിയൂ.
കുറഞ്ഞത് 18 താരങ്ങളും പരമാവധി 25 താരങ്ങളും ഓരോ ടീമിലും നിർബന്ധമായി വേണം. ആകെയുള്ള 125 കോടി രൂപയിൽ 75 കോടി നിലനിർത്തുന്ന താരങ്ങള്ക്കായി ചെലവഴിക്കണം.