മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: MVA പ്രഖ്യാപിച്ചത്-259 / മഹായുതി – 235
ബിജെപി, ശിവസേന, എൻസിപി എന്നിവ ഉൾപ്പെടുന്ന മഹായുതി 53 സീറ്റുകളിലേക്കും എംവിഎ 29 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
മുംബൈ: നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ NCP യും (ശരദ് ) കോൺഗ്രസും യഥാക്രമം 9ഉം 14ഉം പേരുൾപ്പെടുന്ന സ്ഥാനാർത്ഥി പട്ടിക ഇന്നലെ പുറത്തിറക്കി. ഇതോടെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം ഇതുവരെ 259 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ മഹായുതി സഖ്യം ഇതുവരെ 235 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്, ശിവസേനയിൽ നിന്ന് 20 സ്ഥാനാർത്ഥികളും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ നാല് സ്ഥാനാർത്ഥികളും ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്. സംസ്ഥാന നിയമസഭയിൽ 288 സീറ്റുകളാണുള്ളത്.
ബിജെപി, ശിവസേന, എൻസിപി എന്നിവ ഉൾപ്പെടുന്ന മഹായുതി 53 സീറ്റുകളിലേക്കും എംവിഎ 29 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
എംവിഎ (എൻസിപി(എസ്പി), ഉദ്ദവ് -ശിവസേന,കോൺഗ്രസ്സ് ) യുടെ പല മണ്ഡലങ്ങളിലേയും സ്ഥാനാർഥി നിർണ്ണയത്തിൽ മുന്നണിക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്.
മജൽഗാവിൽ നിന്നുള്ള മോഹൻ ജഗ്താപിൻ്റെ സ്ഥാനാർത്ഥിത്വം എൻസിപിയിൽ (എസ്പി) ചേർന്ന മുൻ ബിജെപി നേതാവ് രമേഷ് അഡാസ്കർ അംഗീകരിക്കുന്നില്ല . സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അഡാസ്കർ അറിയിച്ചിരിക്കയാണ് . ചിഞ്ച്വാഡ്, ഭോസാരി, പിംപ്രി മണ്ഡലങ്ങളിലെ ശിവസേന (യുബിടി) പ്രവർത്തകർ ഈ സീറ്റുകളിലേക്കുള്ള എൻസിപി (ശരദ് ) സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തതിൽ പരസ്യമായി എതിർപ്പറിയിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കില്ലാ എന്നും പ്രഖ്യാപിച്ചിരിക്കുകയുമാണ്.
എൻസിപിയുടെ മൂന്നാം പട്ടികയിൽ എൻസിപി (എസ്പി) സ്ഥാനാർഥിയായി മത്സരിക്കുന്ന സമാജ്വാദി പാർട്ടി നേതാവ് ഉൾപ്പെടെ, പരിചയസമ്പന്നരായ യുവ നേതാക്കളും ഉൾപ്പെടുന്നുണ്ട് .
അണുശക്തി നഗറിൽ എസ്പി നേതാവ് ഫഹദ് അഹമ്മദ്, കരഞ്ജയിൽ നിന്നുള്ള ഗ്യായക് പട്നി (വാഷിം), മഹോലിൽ (സോലാപൂർ) നിന്നുള്ള സിദ്ധി കദം തുടങ്ങിയ യുവമുഖങ്ങളുടെ പേരുകൾ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ജയന്ത് പാട്ടീൽ പ്രഖ്യാപിച്ചു.
“ഫഹദ് നന്നായി പഠിച്ചിട്ടുള്ള ഒരു മുസ്ലീം യുവ പ്രവർത്തകനാണ്, ഞങ്ങൾ അദ്ദേഹത്തിന് ഒരു അവസരം നൽകണമെന്ന് ആളുകൾ ആഗ്രഹിക്കുന്നു. ഇപ്പോൾ അദ്ദേഹം അണുശക്തി നഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ” സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ എൻസിപി നേതാവ് ജയന്ത് പാട്ടീൽ മാധ്യമങ്ങളെ അറിയിച്ചു.”മഹാരാഷ്ട്രയിലെ മറ്റ് പാർട്ടികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളുള്ള പാർട്ടി ഞങ്ങളാണ്” എന്നും ജയന്ത് പാട്ടീൽ അവകാശപ്പെട്ടു.
നടി സ്വര ഭാസ്കറിൻ്റെ ഭർത്താവാണ് ഫഹദ് അഹമ്മദ് . സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവിനും എൻസിപി നേതാവ് ശരദ് പവാറിനും നന്ദി അറിയിച്ചു. “സമാജ്വാദി പാർട്ടിയും എൻസിപി-എസ്സിപിയും സോഷ്യലിസ്റ്റ് പാർട്ടികളാണ്, അവ ‘സമാജ്വാദി’യുമായി ബന്ധപ്പെട്ടിരിക്കുന്നു. എൻസിപിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” ഫഹദ് അഹമ്മദ് മാധ്യമങ്ങളെ അറിയിച്ചു. നവാബ് മാലിക്കിന്റെ മകൾ ,എൻസിപി (അജിത് പവാർ )യിലെ സന മാലിക്കാണ് അഹമ്മദിന്റെ പ്രധാന എതിരാളി .
അന്തരിച്ച ബിജെപി എംഎൽഎ രാജേന്ദ്ര പട്നിയുടെ മകനും മുൻ ബിജെപി നേതാവുമായ ഗ്യായക് പട്നി ശനിയാഴ്ച എൻസിപിയിൽ (ശരദ് ) ചേർന്നതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മുൻ എൻസിപി എംഎൽഎ രമേഷ് കദമിൻ്റെ മകളാണ് സോലാപൂരിലെ മഹോളിൽ മത്സരിക്കുന്ന സിദ്ധി കദം.
മുൻ മന്ത്രി രമേഷ് ബാംഗ് (ഹിൻഗ്ന), ചിഞ്ച്വാഡിൽ നിന്നുള്ള രാഹുൽ കാലാട്ടെ (പുണെ), മജൽഗാവിൽ (ബീഡ്), മോഹൻ ബാജിറാവു ജഗ്താപ് (ബീഡ്), ഹിംഗൻഘാട്ടിൽ (വാർധ) നിന്നുള്ള അതുൽ വാൻഡിലെ എന്നിവരും എൻസിപി (ശരദ് ) സ്ഥാനാർഥി പട്ടികയിലുണ്ട്..
അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ സ്ഥാനാർത്ഥി സംസ്ഥാന കൃഷി മന്ത്രിയും ഒബിസി നേതാവുമായ ധനഞ്ജയ് മുണ്ടെ ആയതിനാൽ മണ്ഡലത്തിൽ മറാത്തയും ഒബിസിയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുകയെന്ന് പറളിയിൽ നിന്നുള്ള രാജെസാഹെബ് ദേശ്മുഖിൻ്റെ സ്ഥാനാർത്ഥിത്വം സൂചിപ്പിക്കുന്നു.
അണുശക്തി നഗർ , പരാളി, മോഹോൾ, മജൽഗാവ് എന്നിവിടങ്ങളിൽ ഇരു NCP കളും തമ്മിലുള്ള ശക്തമായ പോരാട്ടമായിരിക്കും.