ശ്രേയസ് കൊൽക്കത്ത വിട്ട് മെഗാലേലത്തിൽ പങ്കെടുക്കുമോ? റാഞ്ചാൻ റെഡിയായി ആർസിബി
മുംബൈ∙ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വരാനിരിക്കുന്ന മെഗാലേലത്തിൽ പങ്കെടുത്തേക്കും. വരുന്ന സീസണിൽ ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബിൽ ചേരുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തയെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനു വേണ്ടി മറ്റു ക്ലബ്ബുകൾ വൻ ഓഫറുകൾ തന്നെ അനൗദ്യോഗികമായി നൽകിയിട്ടുണ്ടെന്നാണു വിവരം.
ലേലത്തില്‍ പങ്കെടുത്താൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും താരത്തിനായി ശക്തമായ മത്സരം തന്നെ നടത്താനാണു സാധ്യത. ഫാഫ് ഡുപ്ലേസിയെ ആർസിബി റിലീസ് ചെയ്താൽ, അവർക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും. ഐപിഎൽ കിരീടം നേടിയ അയ്യരെ ടീമിലെത്തിക്കാൻ കോടികളെറിയാനും ആർസിബി തയാറാകും. കഴിഞ്ഞ സീസണിൽ പഞ്ചാബിനെ നയിച്ചത് ശിഖർ ധവാനായിരുന്നു. ധവാൻ വിരമിച്ചതുകൊണ്ടുതന്നെ ലേലത്തിൽനിന്ന് പുതിയൊരു ക്യാപ്റ്റനെ അവർക്കും കണ്ടെത്തേണ്ടിവരും.
പരുക്കേറ്റതിനെ തുടർന്ന് 2023 ഐപിഎൽ സീസണ് നഷ്ടമായ ശ്രേയസ്, തൊട്ടടുത്ത സീസണിൽ തന്നെ തിരിച്ചെത്തിയാണ് കൊൽക്കത്തയെ ചാംപ്യൻമാരാക്കിയത്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽനിന്ന് 351 റൺസെടുത്ത അയ്യർ രണ്ട് അർധ സെഞ്ചറികളും നേടിയിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ ടീം വിട്ട് മെഗാലേലത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയില്ലെങ്കില്‍ ക്യാപ്റ്റൻ ഋഷഭ് പന്തും ലേലത്തിൽ പങ്കെടുക്കും. നിലനിർത്തുന്ന താരങ്ങളെ തീരുമാനിക്കാൻ ഒക്ടോബർ 31വരെയാണു ടീമുകൾക്കു സമയം അനുവദിച്ചിരിക്കുന്നത്.