എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാം: ആശാ ലോറൻസിന്റെ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആശയുടെ ആവശ്യം. സെപ്റ്റംബർ 21ന് അന്തരിച്ച എം.എം.ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് ആശ കോടതിയെ സമീപിച്ചത്. മകന്‍ എം.എൽ.സജീവനും മറ്റൊരു മകളായ സുജാതയും മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ തീരുമാനിച്ചതിന് എതിരെ ആയിരുന്നു ഇത്. തുടർന്ന് ഇക്കാര്യത്തിൽ കളമശേരി മെഡിക്കൽ കോളജിനോട് ഹിയറിങ് നടത്തി തീരുമാനം അറിയിക്കാൻ ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു. മൂന്നു മക്കളെയും കേട്ട കോടതി മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാമെന്ന വിധിയാണു പുറപ്പെടുവിച്ചത്.
എന്നാൽ ശരിയായ രീതിയിൽ അല്ല ഹിയറിങ് നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപു ശരിയായ ഹിയറിങ് നടത്തണമെന്നും ആശ ആവശ്യപ്പെട്ടു. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനൽകാൻ നേരത്തേ രേഖാമൂലം സമ്മതം നൽകിയിരുന്ന മറ്റൊരു മകളായ സുജാത കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നിലപാടു മാറ്റിയിരുന്നു. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയതെന്നാണ് സുജാത കോടതിയെ അറിയിച്ചത്.
മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ തന്നെ പിതാവ് അറിയിച്ചിരുന്നു എന്ന് സജീവൻ വ്യക്തമാക്കിയിരുന്നു. ഇതിന് രണ്ടു പേർ സാക്ഷികളുമായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഹിയറിങ് നടത്താനായി കമ്മിറ്റി രൂപീകരിച്ചതിനെ ആശ എതിർത്തിരുന്നു. എന്നാൽ ഇതു സുതാര്യതയ്ക്ക് വേണ്ടിയാണെന്നാണ് സജീവന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. മൂന്നു മക്കളുടെയും വാദം കേട്ട കോടതി കേസിൽ ഇന്ന് ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഉത്തരവിന്റെ പൂർണരൂപം പുറത്തിറങ്ങിയാൽ മാത്രമേ വിശദാംശങ്ങൾ അറിവാകുകയുള്ളൂ.