‘നീ മനസ്സിൽ ശപിക്കുന്നുണ്ടെന്ന് എനിക്കറിയാം’: ലോകകപ്പ് ഫൈനലിന് തയാറെടുക്കാൻ പറഞ്ഞിട്ട് ഒഴിവാക്കിയെന്ന് സഞ്ജു

0

 

മുംബൈ∙  ഇന്ത്യ കിരീടം ചൂടിയ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താനും കളിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഫൈനലിൽ കളിക്കാനുള്ള ടീമിൽ തന്നെ ഉൾപ്പെടുത്തിയിരുന്നതായും, കളിക്കാൻ തയാറെടുക്കാൻ ടീം മാനേജ്മെന്റ് നിർദ്ദേശം നൽകിയിരുന്നതായും സഞ്ജു വെളിപ്പെടുത്തി. പഴയ ടീമിനെത്തന്നെ നിലനിർത്താൻ അവസാന നിമിഷം തീരുമാനിച്ചതോടെയാണ് തനിക്ക് അവസരം നഷ്ടമായതെന്നും സഞ്ജു വിശദീകരിച്ചു. ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിൽപ്പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

‘‘അന്ന് ലോകകപ്പ് ഫൈനലിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചതാണ്. കളിക്കാൻ തയാറെടുത്തിരിക്കാൻ ടീം മാനേജ്മെന്റ് നിർദ്ദേശവും തന്നു. അതനുസരിച്ച് ഞാൻ തയാറെടുപ്പും നടത്തി. എന്നാൽ, ടോസിനു തൊട്ടുമുൻപ് പഴയ ടീമിനെത്തന്നെ നിലനിർത്താൻ അവർ തീരുമാനിച്ചു. എന്തായാലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാൻ’ – സഞ്ജു പറഞ്ഞു. രോഹിത് ശർമയുടെ കീഴിൽ ഒരു ലോകകപ്പ് ഫൈനൽ കളിക്കാനുള്ള അവസരം നഷ്ടമായതിൽ മാത്രമായിരുന്നു തന്റെ വിഷമമെന്നും സഞ്ജു പറഞ്ഞു.ഫൈനൽ കളിക്കാൻ തയാറെടുക്കാൻ നിർദ്ദേശം നൽകിയശേഷം, അവസാന നിമിഷം തന്നെ തഴഞ്ഞ കാര്യം അറിയിച്ചത് ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണെന്നും സഞ്ജു വെളിപ്പെടുത്തി.

ലോകകപ്പ് ഫൈനൽ പോലൊരു നിർണായക മത്സരത്തിന്റെ സമ്മർദ്ദത്തിലായിരുന്നിട്ടും, വ്യക്തിപരമായി തന്നെ കാണാനും എന്തുകൊണ്ട് പഴയ ടീമിനെ നിലനിർത്താൻ തീരുമാനിച്ചുവെന്ന് വിശദീകരിക്കാനും രോഹിത് സമയം കണ്ടെത്തിയെന്നും സഞ്ജു പറഞ്ഞു.‘‘ടോസിനു തൊട്ടുമുൻപ് രോഹിത് ശർമ എന്റെ അടുത്തെത്തി. ഏതാണ്ട് 10 മിനിറ്റോളം സമയം എനിക്കൊപ്പം ചെലവഴിച്ചു. അദ്ദേഹത്തിന്റെ ഈ പ്രവർത്തി എന്നെ വല്ലാതെ സ്പർശിച്ചു. ചെറുപ്പം മുതലേ ഇത്തരമൊരു വേദിയിൽ വരാനും ടീമിനായി എന്തെങ്കിലും ചെയ്യാനും ആഗ്രഹിച്ചയാളാണ് ഞാൻ. എന്റെയൊരു രീതി ഇതാണ് എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അദ്ദേഹം ഇക്കാര്യം എന്റെ അടുത്തുവന്ന് വ്യക്തിപരമായി വിശദീകരിച്ചതിനെ ഞാൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞു. – സഞ്ജു വിശദീകരിച്ചു.ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ ശൈലിയോടു തനിക്ക് വലിയ ബഹുമാനമാണ് ഉള്ളതെന്നും സഞ്ജു പറഞ്ഞു. ‘‘എനിക്ക് ഒറ്റക്കാര്യത്തിൽ മാത്രമേ വിഷമമുള്ളൂവെന്ന് ഞാൻ രോഹിത്തിനോട് പറഞ്ഞു. എനിക്ക് താങ്കളേപ്പോലൊരു ക്യാപ്റ്റന്റെ കീഴിൽ ലോകകപ്പ് ഫൈനൽ കളിക്കാൻ പറ്റുന്നില്ലല്ലോ എന്നതു മാത്രമാണ് ആ വിഷമം’ – സഞ്ജു പറഞ്ഞു.രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ടൂർണമെന്റിൽ ഉടനീളം ഋഷഭ് പന്തിനെ മാത്രമാണ് ഇന്ത്യ ആ സ്ഥാനത്തേക്ക് പരിഗണിച്ചത്.

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത് ടീമിലേക്കുള്ള തിരിച്ചുവരവിൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, ഫൈനൽ ഉൾപ്പെടെ നോക്കൗട്ടിൽ പന്തിന് പതിവു പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. പന്തിന്റെ പ്രകടനം മോശമായെങ്കിലും എല്ലാ മത്സരങ്ങളിലും ഒരേ പ്ലേയിങ് ഇലവനെയാണ് ഇന്ത്യ അണിനിരത്തിയത്.ഫൈനലിനു തൊട്ടുമുൻപുള്ള വാംഅപ്പിന്റെ സമയത്താണ് രോഹിത് തന്റെ അടുത്തെത്തി ടീമിലേക്കു പരിഗണിക്കുന്നില്ലെന്ന വിവരം അറിയിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി.‘‘വാംഅപ്പിനിടെ, രോഹിത് എന്നെ വിളിച്ചുകൊണ്ടുപോയി അരികിലേക്ക് മാറ്റിനിർത്തി.

എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കുന്നതെന്നും അത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാൻ ശ്രമിച്ചു. നമുക്ക് ആദ്യം മത്സരം ജയിക്കാം, എന്നിട്ട് സംസാരിക്കാമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു.‘‘എന്റെ അടുത്തുനിന്ന് പോയെങ്കിലും ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം വീണ്ടും തിരിച്ചുവന്നു. നീ മനസ്സിൽ എന്നെ ശപിക്കുന്നുണ്ടാകുമെന്ന് എനിക്കറിയാം എന്നു പറഞ്ഞു. നീ ഒട്ടും സന്തോഷവാനല്ലെന്നും എനിക്കറിയാം. നിന്റെ മനസ്സിൽ എന്തോ ഉള്ളപോലെ എനിക്കു തോന്നുന്നു. തുടർന്ന് ഞങ്ങൾ കുറേനേരം കൂടി സംസാരിച്ചു.

‘‘ലോകകപ്പ് ഫൈനൽ പോലെ അതീവ സമ്മർദ്ദം നിറഞ്ഞൊരു മത്സരത്തിനു തൊട്ടുമുൻപ് കളിയേക്കുറിച്ചും കളിക്കുന്ന താരങ്ങളേക്കുറിച്ചുമല്ലേ ക്യാപ്റ്റൻ ചിന്തിക്കേണ്ടത്. പക്ഷേ, അത്തരമൊരു സാഹചര്യത്തിലും എന്നെ ഒഴിവാക്കുന്ന കാര്യം വിശദീകരിക്കാൻ അദ്ദേഹം 10 മിനിറ്റോളമാണ് എനിക്കൊപ്പം ചെലവഴിച്ചത്. അതിനു ശേഷമാണ് അദ്ദേഹം ടോസിനായി പോയത്. അദ്ദേഹത്തിന്റെ ആ ശൈലി എന്തൊക്കെ പറഞ്ഞാലും എന്റെ ഹൃദയം കവർന്നു – സഞ്ജു പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *