‘ദിവ്യയോട് ഫോണിൽ സംസാരിച്ചിരുന്നു, യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചിട്ടില്ല; എഡിഎമ്മുമായി നല്ല ബന്ധം’

0

 

കണ്ണൂർ∙ കലക്ടറേറ്റിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ അരുൺ കെ.വിജയൻ. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർക്കു നൽകിയ മൊഴിയിലും കലക്ടർ ഇക്കാര്യം ആവർത്തിച്ചു. കലക്ടറുടെ നിർദേശപ്രകാരമാണ് യോഗത്തിനെത്തിയതെന്നാണ് തലശേരി കോടതിയിൽ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ വ്യക്തമാക്കിയിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ ദിവ്യ ആക്ഷേപിച്ചതിനെ തുടർന്നാണ് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തത്. ദിവ്യ ഒളിവിലാണ്.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി.പി.ദിവ്യയുമായി ഫോണിൽ സംസാരിച്ചിരുന്നതായി കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഫോണിൽ സംസാരിച്ചതായുള്ള മൊഴി അന്വേഷണ സംഘത്തിനു നൽകി. മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ പുറത്തു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നു കലക്ടർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ താൻ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചു എന്ന് ദിവ്യ പറയുന്നതിൽ പ്രതികരിക്കുന്നില്ല.അവരുടെ അവകാശവാദമാണിത്. യാത്രയയപ്പ് യോഗം കഴിഞ്ഞശേഷം എഡിഎമ്മുമായി സംസാരിച്ചോ എന്നതും മൊഴിയുടെ ഭാഗമാണെന്നും കലക്ടർ പറഞ്ഞു.

സ്ഥലം മാറ്റത്തിന് അപേക്ഷ കൊടുത്തിട്ടില്ല. സ്ഥലംമാറ്റം സർക്കാരാണ് തീരുമാനിക്കേണ്ടത്. നല്ല ബന്ധമാണ് എഡിഎമ്മുമായി ഉണ്ടായിരുന്നത്. അവധി നിഷേധിച്ചിട്ടില്ല. എഡിഎമ്മിന്റെ മരണശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. പെട്രോൾ പമ്പിന്റെ നിരാക്ഷേപ പത്രം വൈകുന്ന (എൻഒസി) വിഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കലക്ടർ പറഞ്ഞു. എഡിഎമ്മിന്റ മരണത്തിൽ ലാൻഡ് റവന്യൂ കമ്മിഷണറുടെയും പൊലീസിന്റെയും അന്വേഷണം നടക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *