ഗൗരിലങ്കേഷ് കൊലക്കേസ് പ്രതിയെ ശിവസേനയിൽ നിന്ന് പുറത്താക്കി
പാർട്ടിയിലേക്ക് തിരിച്ചെത്തിയത് വെള്ളിയാഴ്ച ,പുറത്താക്കിയത് ഞാറാഴ്ച്ച !
മുംബൈ: രണ്ടു ദിവസം മുമ്പ് ശിവസേനയിൽ ചേർന്ന, ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതിയെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പുറത്താക്കി. 2017ൽ പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീകാന്ത് പങ്കാർക്കറെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് .വെള്ളിയാഴ്ച്ച നടന്ന ഒരു പരിപാടിയിൽ വെച്ച് മുൻമന്ത്രികൂടിയായ അർജ്ജുൻ കോട്ട്ക്കാർ ആണ് പങ്കാർക്കറെ ശിവസേനയിലേയ്ക്ക് സ്വാഗതം ചെയ്‌തത് .” പങ്കാർക്കർ ഒരു മുൻ ശിവസൈനികനാണ്.അദ്ദേഹം പാർട്ടിയിലേക്ക് തിരിച്ചെത്തി ” എന്ന പ്രഖ്യാപിച്ച കോട്ട്ക്കാർ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജൽന സീറ്റിലേയ്ക്കുള്ള പ്രചാരണത്തിൻ്റെ ചുമതലയും അദ്ദേഹത്തെ ഏൽപ്പിച്ചതായി അറിയിച്ചിരുന്നു.
“ജൽനയിൽ പാർട്ടി (ജില്ലാ തലത്തിൽ) പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും അസാധുവാണ്.” എന്ന് ഔദ്യോഗികമായി ഉത്തരവിറക്കികൊണ്ടാണ് പങ്കാർക്കറെ പാർട്ടിയിൽ ചേർത്തതിനോടുള്ള വിയോജിപ്പ് ഷിൻഡെ പ്രകടിപ്പിച്ചത്.
പാർട്ടിയിൽ ഒരു നേതാവിനെ നിയമിക്കാനുള്ള തീരുമാനം ഷിൻഡെയുമായും മറ്റ് മുതിർന്ന ഭാരവാഹികളുമായും കൂടിയാലോചിച്ചതിന് ശേഷം മാത്രമേ എടുക്കാറുള്ളൂ .അങ്ങനെയൊരു കൂടിയാലോചനയില്ലാതെയാണ് ജില്ലാതലത്തിൽ പ്രാദേശികമായി നിയമനംനടന്നത് .അതിനാലാണ് റദ്ദാക്കാൻ ഉത്തരവിട്ടതെന്ന് ഒരു ശിവസേന നേതാവ് അറിയിച്ചു.
“ഞാൻ എപ്പോഴും ശിവസേനയ്‌ക്കൊപ്പമായിരുന്നു, ഞാൻ ഒരിക്കലും ശിവസേനയിൽ നിന്ന് പുറത്തു പോയിട്ടില്ല. 1996 മുതൽ പാർട്ടിയുമായി ബന്ധപ്പെട്ടിരുന്ന ഞാൻ അന്ന് ശാഖാ പ്രമുഖനായിരുന്നു.വിഭാഗ് പ്രമുഖായും പിന്നീട് 2001 മുതൽ 2011 വരെ രണ്ട് തവണ ശിവസേന കോർപ്പറേറ്ററായിരുന്നു. ഞാൻ ഒരിക്കലും പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടില്ല. 2014ലും പിന്നീടും എനിക്ക് ഇപ്പോൾ ലഭിച്ച അതേ വേഷം ഞാൻ കൈകാര്യം ചെയ്തു. “ജാമ്യ ഉത്തരവോ കുറ്റപത്രമോ വായിച്ചാൽ എനിക്കെതിരെ ഒരു തെളിവും ഇല്ലെന്ന് നിങ്ങൾ കണ്ടെത്തും. എല്ലാ ആരോപണങ്ങളും തെറ്റാണ്.. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് എന്നെ പ്രതിയാക്കിയത്. അതുമൂലം എൻ്റെ ജീവിതത്തിലെ ആറുവർഷങ്ങൾ നഷ്ടപ്പെട്ടു. ഞാൻ ഒരു കുറ്റവാളിയല്ല, രണ്ട് കേസുകളിലും (ഗൗരി ലങ്കേഷ് വധവും നല്ലസോപാര ആയുധശേഖരവും) എനിക്ക് പങ്കില്ല. എൻ്റെ പശ്ചാത്തലം പരിശോധിച്ചാൽ എനിക്കെതിരെ ഒരു ക്രിമിനൽ കേസും ഇല്ലെന്ന് നിങ്ങൾ കണ്ടെത്തും… ഞാൻ എപ്പോഴും രാഷ്ട്രീയത്തിൽ മാത്രമാണ് സജീവമായിട്ടുള്ളത്,” ശ്രീകാന്ത് പങ്കാർക്കറെ മാധ്യമങ്ങളെ അറിയിച്ചു.
ലങ്കേഷ് കേസിൽ 2018 ഓഗസ്റ്റിൽ അറസ്റ്റിലായ പങ്കാർക്കറിന് കർണാടക ഹൈക്കോടതി സെപ്തംബർ 4 ന് ജാമ്യം അനുവദിച്ചു. 2018-ലെ നല്ലോസപ്പാറ ആയുധക്കടത്ത് കേസിലും ഇയാൾ പ്രതിയാണ്. രണ്ട് കേസുകളും വിചാരണയിലാണ്.
2017 സെപ്തംബർ 5 നാണ് ബംഗളൂരുവിലെ വസതിക്ക് പുറത്ത് ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത് . കൊലപാതകത്തിന് സനാതൻ സൻസ്തയുമായും മറ്റ് സംഘടനകളുമായും ബന്ധമുള്ള 17 പേരെ കർണാടക പോലീസ് എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.. 17 പ്രതികളിൽ 11 പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട് .