പാർട്ടി സമ്മേളനം: ഗർഭിണികളും സ്കൂൾ വിദ്യാർഥികളും രോഗികളും വരേണ്ട, നിർദേശവുമായി നടൻ വിജയ്

0

ചെന്നൈ ∙  തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പ്രവർത്തകർക്കു കൂടുതൽ നിർദേശങ്ങളുമായി പാർട്ടി അധ്യക്ഷൻ വിജയ്. വിക്രവാണ്ടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഗർഭിണികളും സ്കൂൾ വിദ്യാർഥികളും ദീർഘകാലമായി രോഗബാധിതരായിട്ടുള്ളവരും പങ്കെടുക്കേണ്ടതില്ലെന്നും വീട്ടിൽ സുരക്ഷിതമായി ഇരുന്നു ടിവിയിൽ സമ്മേളനം കണ്ടാൽ മതിയെന്നും വിജയ് അഭ്യർഥിച്ചു. ഒട്ടേറെപ്പേരെത്തുന്ന യോഗത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിജയ് പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാനെത്തുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണം.

പ്രവർത്തകർ മറ്റുള്ളവർക്കു മാതൃകയായിരിക്കണമെന്നും വിജയ് ഓർമിപ്പിച്ചു. മദ്യപിച്ച ശേഷം ആരും യോഗത്തിൽ പങ്കെടുക്കരുതെന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണമെന്നും മുൻപു നിർദേശിച്ചിരുന്നു. ഇരുചക്രവാഹനങ്ങളിൽ വേദിയിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുതെന്നും നിർദേശമുണ്ട്. 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം. പാർട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം, സംസ്ഥാന ഭാരവാഹികൾ, നയങ്ങൾ അടിസ്ഥാനമാക്കിയുള്ള കർമപദ്ധതി എന്നിവ സമ്മേളനത്തിൽ പ്രഖ്യാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *