പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത 6എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീം കോടതി ശരിവച്ചു

0

 

ന്യൂഡൽഹി∙  1985ലെ അസം ഉടമ്പടിയെ തുടർന്ന് അസമിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പൗരത്വ നിയമത്തിൽ കൂട്ടിച്ചേർത്ത 6എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ ശരിവച്ചു. ഇതുപ്രകാരം, 1966 ജനുവരി ഒന്നു മുതൽ 1971 മാർച്ച് 25 വരെ ബംഗ്ലദേശ് ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് അസമിൽ എത്തിയവർക്കു പൗരത്വത്തിനായി അപേക്ഷിക്കാം. 1971നുശേഷം നടന്ന കുടിയേറ്റം മുഴുവൻ നിയമവിരുദ്ധമാക്കുന്നതാണ് ഭേദഗതിയെങ്കിലും 196671 കാലഘട്ടത്തിലെ കുടിയേറ്റം യഥാർഥ അസം സ്വദേശികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ വിശദമായ വാദം കേട്ടാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവർ ഭൂരിപക്ഷാഭിപ്രായത്തോടു യോജിച്ചു പ്രത്യേകവിധിന്യായങ്ങളെഴുതി.

ഇവയോടു വിയോജിച്ചുകൊണ്ടുള്ളതാണ് ജസ്റ്റിസ് ജെ.ബി.പർദിവാല എഴുതിയ പ്രത്യേക വിധിന്യായം.അസം ഉടമ്പടിയെ തുടർന്ന് പൗരത്വ നിയമത്തിൽ 6എ വകുപ്പു കൂട്ടിച്ചേർത്തതുമായി ബന്ധപ്പെട്ട വിവാദമാണ് ഹർജിക്ക് ആധാരം. 6എ വകുപ്പു പ്രകാരം, 1971 മാർച്ച് 25നു ശേഷം നടന്ന കുടിയേറ്റമെല്ലാം അനധികൃതമായെങ്കിലും അതിനു മുൻപു നടന്ന കുടിയേറ്റങ്ങൾക്കു രണ്ടുതരത്തിൽ വകുപ്പു സാധുത നൽകി. 1966നു മുൻപു നടന്ന കുടിയേറ്റങ്ങൾക്ക് അപേക്ഷ നൽകാതെ തന്നെ സ്വാഭാവിക പൗരത്വം നൽകുമെന്നു വ്യക്തമാക്കിയപ്പോൾ, 196671 കാലഘട്ടത്തിലെ കുടിയേറ്റങ്ങൾക്ക് 10 വർഷത്തിനു ശേഷം വോട്ടവകാശം എന്ന വ്യവസ്ഥയോടെ പൗരത്വത്തിനു തുല്യമായ അവകാശങ്ങൾ അനുവദിച്ചു.

അസമിലെ യഥാർഥ പൗരരെ ന്യൂനപക്ഷമാക്കുന്ന തീരുമാനമാണിത്, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ പൗരത്വ വ്യവസ്ഥ അസമിനു ബാധകമാക്കുന്നതു വിവേചനപരമാണ്, കുടിയേറ്റം അനുവദിച്ചതു വഴി വലിയ വിഭാഗം ആളുകൾക്ക് പൗരത്വ അവകാശം ലഭിച്ചതു തങ്ങളുടെ തൊഴിലവസരത്തെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും എന്നീ വാദങ്ങളുമായി അസമിലെ വിവിധ സംഘടനകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ വാദം കേട്ടു വിധി പറയാൻ മാറ്റിയ കേസിൽ 10 മാസത്തിനുശേഷമാണ് അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

പൗരത്വ നിയമത്തിൽ അത്തരമൊരു വ്യവസ്ഥ കൂട്ടിച്ചേർക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്ന് ഭൂരിപക്ഷ അഭിപ്രായം രേഖപ്പെടുത്തിയ നാലു ജഡ്ജിമാരും ചൂണ്ടിക്കാട്ടി. ബംഗ്ലദേശ് രൂപീകരണത്തിനു പിന്നാലെ രൂപപ്പെട്ട സവിശേഷമായ സാഹചര്യത്തെ നേരിടാനുള്ള രാഷ്ട്രീയ പരിഹാര നടപടിയായാണ് 6എയെ നിയമത്തിൽ കൊണ്ടുവന്നതിനെ കാണേണ്ടതെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 1971 മാർച്ച് 24നെ അടിസ്ഥാന തീയതിയായി പരിഗണിച്ച നടപടിയും കോടതി ശരിവച്ചു. ബംഗ്ലദേശ് മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ അതിക്രമങ്ങളോടു ഇന്ത്യ സഹതാപ പൂർണമായ നിലപാടാണ് എടുത്തത് എന്ന വസ്തുത കണക്കിലെടുത്താണിത്.

അതേസമയം, 1971നു ശേഷമുള്ള കുടിയേറ്റത്തെ വ്യത്യസ്തമായാണു കണ്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിനോടു യോജിച്ചുകൊണ്ട് വിധിന്യായമെഴുതിയ ജസ്റ്റിസ് സൂര്യകാന്തും 6എ വകുപ്പു കൂട്ടിച്ചേർക്കാനുള്ള സർക്കാരിന്റെ അധികാരം ശരിവച്ചു. ക്രമസമാധാനവും പൗരരുടെ താൽപര്യവും സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിക്ക് സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും നാടുകടത്താനുമുള്ള അധികാരം വിദേശി നിയമപ്രകാരം മാത്രമല്ല സമാനമായ മറ്റു നിയമങ്ങൾ വഴിയും സാധ്യമാകുമെന്നും കോടതി വ്യക്തമാക്കി.

ബംഗ്ലദേശിൽനിന്നുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട സർബാനന്ദ സോനോവാൾ വിധിയിലെ നിർദേശങ്ങൾ കർശനമായി പാലിക്കാനും കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. 1971 മാർച്ച് 25നു ശേഷം ബംഗ്ലാദേശിൽനിന്ന് അസമിലേക്കു നടന്നത് അനധികൃത കുടിയേറ്റമാണെന്നും അവരെ കണ്ടെത്തി നാടുകടത്തേണ്ടതുണ്ടെന്നും ജഡ്ജിമാരായ എം.എം. സുന്ദരേശ്, മനോജ് മിശ്ര എന്നിവർക്കു വേണ്ടി കൂടി എഴുതിയ വിധിന്യായത്തിൽ ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *