പുതിയ എസി ബസുകളുമായി കെഎസ്ആർടിസി;എല്ലാ സീറ്റിലും മൊബൈൽ ചാർജിങ്, ഹോൾഡറുകൾ, വൈഫൈ

0

തിരുവനന്തപുരം∙ കെഎസ്ആർടിസി ഇന്ന് നിരത്തിലിറക്കുന്ന സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസിൽ നിരവധി സൗകര്യങ്ങൾ. എയർ കണ്ടിഷൻ ബസിൽ വൈഫൈ കിട്ടും. ഒരു ജിബി സൗജന്യ വൈഫൈയ്ക്ക് പുറമേ വീണ്ടും ചെറിയ തുക നൽകി കൂടുതൽ വൈഫൈ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ ആപ് വഴി മുൻകൂട്ടി റിസർവ് ചെയ്യാം. ദീർഘദൂര യാത്രക്കാർക്ക് എവിടെനിന്നും നാമമാത്രമായ കൺവീനിയൻസ് ചാർജ് നൽകി കയറാനുമാകും. കെഎസ്ആർടിസി സ്വിഫ്റ്റിന്റെ തനതു ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 10 ബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.

സുഖകരമായ യാത്രയ്ക്ക് റിക്ലൈനിങ് സൗകര്യമുള്ള സീറ്റുകളുണ്ട്. 40 യാത്രക്കാർക്ക് ഇരുന്നു സഞ്ചരിക്കാം. എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് സൗകര്യമുണ്ട്. റീഡിങ് ലാംപ്, ബോട്ടിൽ ഹോൾഡറുകൾ, മാഗസിൻ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സിസിടിവി ക്യാമറ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബൈൽറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എഐ ക്യാമറ അസിസ്റ്റന്റ്, ഡ്രൈവർ മോണിറ്ററിങ് സംവിധാനം എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്. സൂപ്പർ ഫാസ്റ്റ് ബസുകളുടെ നിരക്കിനേക്കാൾ അൽപം ഉയർന്നതും എന്നാൽ മറ്റ് എസി ബസുകളേക്കാൽ കുറഞ്ഞ നിരക്കുമാണ്. ടാറ്റ മോട്ടോഴ്സ് നിർമിച്ചിരിക്കുന്ന ബിഎസ്6 ബസിന് 39.6 ലക്ഷം രൂപയാണ് വില.

നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താൽ സ്ഥിരമായി സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. പഴയ സൂപ്പർ ഫാസ്റ്റുകൾ, ലോ ഫ്ലോർ എസി ബസുകൾ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടർ എൻജിനുള്ള, മൈലേജ് കൂടിയതും താരതമ്യേന വിലകുറഞ്ഞതുമായ എസി ബസുകൾ ഓടിക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. ഈ പദ്ധതി പ്രകാരണമാണ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസുകൾ പുറത്തിറക്കുന്നത്.

സർവീസ് നടത്തുന്ന സ്ഥലങ്ങൾ:
∙ തിരുവനന്തപുരം–കോട്ടയം–മൂവാറ്റുപുഴ–തൃശൂർ

∙ തിരുവനന്തപുരം–കോട്ടയം–വൈറ്റില–തൃശൂർ

∙  തിരുവനന്തപുരം–കോട്ടയം–മൂവാറ്റുപുഴ–അങ്കമാലി–ബൈപാസ്–പാലക്കാട്

∙  തിരുവനന്തപുരം–കോട്ടയം–വൈറ്റില–ബൈപ്പാസ്–പാലക്കാട്

∙  തിരുവനന്തപുരം–വാളകം–പത്തനാപുരം

∙ പത്തനംതിട്ട–പാല–തൊടുപുഴ.

‌ഈ സർവീസുകൾക്കെല്ലാം കോഴിക്കോടുവരെ ലോ ഫ്ലോർ എസി കണക്‌ഷൻ സർവീസുകളും ഉണ്ടായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *