ഇസ്രയേൽ ബോംബാക്രമണം: 29 പേർ കൊല്ലപ്പെട്ടു; സുരക്ഷിതമായ ഒരിടവും ഗാസയിൽ ശേഷിക്കുന്നില്ലെന്ന് യുഎൻ
ജറുസലം ∙ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 29 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബാലിയയിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നാലുഭാഗത്തുനിന്നും ഇസ്രയേൽ സൈന്യത്താൽ വളയപ്പെട്ട ജബാലിയയിൽ നാലുലക്ഷത്തിലേറെ പലസ്തീൻകാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാസയുടെ ദക്ഷിണ മേഖലയിലുള്ള രണ്ടു പ്രദേശങ്ങളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു.ഹമാസിനെതിരെയാണ് പോരാട്ടമെന്നും അവരെ തുരത്തുന്നതു വരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ വ്യക്തമാക്കി. ഹമാസ് വീണ്ടും സംഘംചേരുന്നതു തടയാനാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് ഇസ്രയേലിന്റെ വാദം. അതേസമയം, കൊടുംപട്ടിണിയിൽ വീണ്ടും പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയിൽ ശേഷിക്കുന്നില്ലെന്നും പലസ്തീനും ഐക്യരാഷ്ട്ര സംഘടന (യുഎൻ) യും വ്യക്തമാക്കി.