സൈബർ കുറ്റകൃത്യങ്ങൾ തടയാൻ 837 കോടി രൂപയുടെ ഹൈടെക് ആസ്ഥാനം സ്ഥാപിച്ചു.
നവിമുംബൈ: സൈബർ കുറ്റകൃത്യങ്ങൾ വർദ്ദിച്ചുവരുന്ന സാഹചര്യത്തിൽ അത് തടയുന്നതിനായി നവിമുംബൈയിലെ മാപ്പയിൽ 837 കോടി രൂപയുടെ ഹൈടെക് ആസ്ഥാനം -ഇൻവെസ്റ്റിഗേഷൻ കപ്പാസിറ്റി സെൻ്റർ -ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തു.
2016-ൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും വർഷങ്ങളോളം അത് മുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ 2022-ൽ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും 837 കോടി രൂപ ചെലവിൽ കഴിഞ്ഞ വർഷം സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു.
സംസ്ഥാന ഡിജിപി രശ്മി ശുക്ലയുടെ സാന്നിധ്യത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ സൈബർ ഭീഷണികൾ കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സജീവവും നൂതനവുമായ പരിഹാരങ്ങളുമായി മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
“സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ചില മികച്ച സാങ്കേതിക വിദ്യകൾ ഇന്ന് ലോകമെമ്പാടും ലഭ്യമാണ്.അത്തരം സാങ്കേതിക വിദ്യകളാണ് പുതുതായി സ്ഥാപിച്ച ഈ സെന്ററിൽ ഉള്ളതെന്നും സൈബർ കുറ്റകൃത്യങ്ങളെ കണ്ടെത്തൽ ഇനി എളുപ്പമാകും ” ഫഡ്‌നാവിസ് പറഞ്ഞു.
പുതിയ കേന്ദ്രത്തിൽ ടെക്‌നോളജി അസിസ്റ്റഡ് ഇൻ്റലിജൻസ് (ടിഎഐ) ലബോറട്ടറി, ക്രിപ്‌റ്റോ സ്‌കാം, വൻതോതിലുള്ള സുരക്ഷാ ലംഘനങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സജ്ജമായ സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻ്റർ (എസ്ഒസി) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യക്തികളെയും ബിസിനസുകളെയും ലക്ഷ്യമിടുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുക, സൈബർ സംഭവങ്ങളോടുള്ള ദ്രുത പ്രതികരണങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഒരു കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT). 24×7 പ്രവർത്തന ഹെൽപ്പ്‌ലൈനോടുകൂടിയ ഒരു കമാൻഡ് സെൻ്ററും ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.