വിവർത്തനത്തിനായി സമർപ്പിച്ച ജീവിതം…

0

തയ്യാറാക്കിയത് : മുരളീദാസ് പെരളശ്ശേരി

 

” ലീലാമേനോനെ ആർക്കുമറിയില്ലായിരുന്നു. കേരളത്തിൽ നിന്നും ഞാൻ മുംബയിലേക്ക് വന്നത് ലീലാമേനോനായിട്ടാണ് . വായനാലോകം എന്നെ അറിഞ്ഞുതുടങ്ങിയത് ലീലാസർക്കാറായി മാറിയതിനു ശേഷമാണ് . ഈ നഗരമാണ് ആ മാറ്റത്തിനുള്ള വേദി ഒരുക്കിത്തന്നത്. മുംബൈയുടെ പശ്ചാത്തലത്തിൽ കഥ ഒന്നുമെഴുതിയില്ലായെങ്കിലും വിവർത്തനം ചെയ്‌തതെല്ലാം ഈ നഗരം നൽകിയ തണലിലിരുന്നു കൊണ്ട് തന്നെയാണ് .

പക്ഷെ, എന്തോ മുംബൈ പഴയ ബോംബെയല്ല .പഴയ സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടിരിക്കുന്നു.ഓരോ വാർത്തകൾ വായിക്കുമ്പോഴും കാണുമ്പോഴും എന്തോ ഒരു ഭീതി മനസ്സിനെ അലട്ടുന്നു.സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണ വാർത്തകൾ ,ലഹരി ,അക്രമം … എന്തേ ഈ കുട്ടികളൊക്കെ ഇങ്ങനെ ..ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലത്തേക്ക് നമ്മൾ പോയികൊണ്ടിരിക്കുന്നു .
ഒരു ദിവസംപോലും അക്രമമോ റേപ്പോ ഇല്ലാത്ത വാർത്തകൾ കാണാൻ സാധിക്കുന്നില്ല.

മുംബൈയോട് എനിക്ക് നന്ദിയുണ്ട് ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഞാനൊരു വിവർത്തക ആകില്ലായിരുന്നു. ഒരു എഴുത്തുകാരിയെന്ന നിലയിൽ ഇവിടെ നിന്ന് ലഭിച്ച ആദരവുകൾക്കും ഞാൻ നന്ദി പറയുന്നു. എഴുത്തിനോ വായനക്കോ , പ്രായമൊരു തടസ്സമായിട്ടില്ല . ഇപ്പോഴും ഞാൻ എഴുതിക്കൊണ്ടിരിക്കയാണ് . ഈ മഹാനഗരത്തിലിരുന്ന് …”

ലീല സർക്കാർ

മറ്റുള്ളവരെ പണം ഏൽപ്പിച്ച്‌ , മുംബൈയിൽ നവതിയും സപ്തതിയുമൊക്കെ ആർഭാടപൂർവ്വം ആഘോഷിക്കുന്നവരുണ്ട് . ചെലവിനുള്ള പണം കൊടുത്താൽ മാത്രമേ മറ്റുള്ളവർ ഈ കടമ നിർവഹിക്കുകയുള്ളൂ എന്നതാണ് യാഥാർഥ്യം .അതുകൊണ്ടായിരിക്കാം ബംഗാളിഭാഷയിലെ ക്ലാസ്സിക് രചനകൾ മലയാളികൾക്ക് പരിചയപ്പെടുത്തികൊടുത്ത വിവർത്തന സാഹിത്യത്തിലൂടെ ലോകമറിഞ്ഞ എഴുത്തുകാരി ലീലാസർക്കാരിൻ്റെ 90 വയസ്സ് , “നവതി ആഘോഷ ‘മാകാതെ ആശംസാ വാക്കുകളിൽ മാത്രം ഒതുങ്ങി പ്പോയത്!!

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന ചിന്തയിൽ ഈ തൊന്നൂറിലും മറുഭാഷയിലെ നല്ല സൃഷ്ട്ടികളെ കണ്ടെത്താനും അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും ലീലാസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സിംഗപ്പൂരിൽ ജനിച്ച ലീലാസർക്കാർ വളർന്നതും പഠിച്ചതും കേരളത്തിലാണ് . തൃശൂരിലും കൊച്ചിയിലും പഠിച്ച്‌ ബിരുദമെടുത്തശേഷം തൊഴിൽ തേടി മുംബയിലെത്തുന്നു. ദാദറിൽ അമ്മവന്റെ കൂടെ താമസിച്ചു വരുമ്പോഴാണ് ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ജോലി ലഭിക്കുന്നത് .പത്തുവർഷത്തോളം അവിടെ ജോലി ചെയ്‌തു .

ഒരു ബംഗാളി സുഹൃത്തുമായുള്ള സൗഹൃദമാണ് അവരുടെ സഹോദരൻ ദീപേഷ് സർക്കാറുമായുള്ള വിവാഹത്തിലേക്ക് കലാശിക്കുന്നത്. നേവിയിൽ നിന്ന് വിരമിച്ച്‌ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ലീലാസർക്കാറിന്റെ ഭർത്താവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല .

ഭർത്താവിൻ്റെ അമ്മയുമായി സംവദിക്കുന്നതിനായാണ് ബംഗാളി ഭാഷ പഠിക്കാൻ തീരുമാനമെടുക്കുന്നത് .
ബംഗാളി ഭാഷയുമായി അവിടെ തുടങ്ങിയ ആ അടുപ്പം ലീലാസർക്കാറിനെ ഒരു എഴുത്തുകാരിയാക്കി മാറ്റി .

ആറു പതിറ്റാണ്ടായുള്ള മുംബൈ ജീവിതത്തിനിടയിൽ ടാഗോർ, ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ, മഹാശ്വേതാ ദേവി, ബിമൽ കർ, ശിർഷേന്ദു മുഖോപാധ്യായ, ആശാപൂർണ ദേവി, തസ്ലീമ നസ്രിൻ, പ്രതിഭാ റേ, സത്യജിത് റേ തുടങ്ങിയ നിരവധി പ്രമുഖരുടെ ഏകദേശം നൂറോളം പ്രശസ്‌തമായ ബംഗാളികൃതികൾ അവർ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തു . ഇതുവരെ പ്രസിദ്ധീകരിക്കാത്ത പന്ത്രണ്ടിലധികം നോവലുകൾ വേറെയുമുണ്ട്. ഇതിനിടെ കേരള സാഹിത്യ അക്കാദമിയടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു..എംടിയുടെ വാനപ്രസ്ഥം , വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ ,ആനവാരിയും പൊൻകുരിശും എന്നിവ ബംഗാളിഭാഷയിലേക്ക് മൊഴിമാറ്റം ചെയ്‌തു .

ഏക മകൻ അനൂപ് കാനഡയിലെ വാൻകൂവർ സർവകലാശാലയിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പ്രൊഫസറാണ്. അദ്ദേഹത്തിൻ്റെ ഭാര്യ ചുങ് ഹൈ ഹാനും പ്രൊഫസറാണ്. ഇവർക്ക് ഒരു മകൾ മീര. മുൻ കൊറിയൻ എയർ ചീഫ് മാർഷൽ ആണ് ചുങ് ഹൈ ഹാൻ്റെ പിതാവ്.
ലീലാസർക്കാർ നവിമുംബൈയിലെ നെരൂളിൽ താമസിക്കുന്നു .ഇടയ്ക്ക് മകനേയും കുടുംബത്തിനെയും കാണാനായി അവർ കാനഡയിലേക്ക് പോകുന്നു. പരിഭാഷപ്പെടുത്തലുകൾക്കിടയിൽ സ്വന്തം മനസ്സിൽ പരുവപ്പെടുത്തിയ ആശയങ്ങളെ കഥകളാക്കി പകർത്താൻ കഴിയാതെ പോകുന്നതിലെ നിരാശ സംസാരത്തിനിടയിൽ അവർ പങ്കുവെച്ചിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *