നവിമുംബൈ വിമാനത്താവളത്തിന് രത്തൻ ടാറ്റയുടേപേര്

0

 

മുംബൈ : റൺവേ പരീക്ഷണം ഇന്നലെ വിജയകരമായി പൂർത്തിയാക്കിയ , അടുത്തവർഷം ജൂണിന് വാണിജ്യപ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുന്ന നവിമുംബൈ അന്താരാഷ്‌ട്ര വിമാനത്തവാളത്തിന് അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ പേര് നാമകരണം ചെയ്യണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്നു.ഇതിനുവേണ്ടിയുള്ള ഓൺലൈൻ ഒപ്പു ശേഖരണം ആരംഭിച്ചു .ഒരു മുംബൈ നിവാസി തുടക്കമിട്ട ഈ ക്യാമ്പയിനിൽ രണ്ടുദിവസം കൊണ്ട് 40000 പേര് ഒപ്പ് നൽകിക്കഴിഞ്ഞു .സമാനമായ ക്യാമ്പയിൻ പൂനയിലും ഡൽഹിയിലും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റു നഗരങ്ങളിലും ഇതുവ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നു .ഇതൊരു ഭീമ ഹരജിയാക്കി സർക്കാറിന് സമർപ്പിക്കാനാണ് തീരുമാനം.

രത്തൻ ടാറ്റ രാജ്യത്തിൻ്റെ വികസനത്തിനും,സാധാരണ ജനതയ്ക്കും നൽകിയ സംഭാവനകൾ ആർക്കും വിസ്‌മരിക്കാൻ കഴിയുന്നതല്ല എന്നും അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരവായിരിക്കും ഈ നാമകരണമെന്നും മുംബൈയിൽ ഒപ്പു ശേഖരണത്തിന് തുടക്കമിട്ട ഹുസൻ ബനാജി പറഞ്ഞു.ആധുനിക ഇന്ത്യ കെട്ടിപ്പെടുത്തുന്നതിലും പ്രത്യേകിച്ച് മുംബൈയെ വ്യവസായികമായി നവീകരിക്കുന്നതിലും ടാറ്റ കുടുംബം വഹിച്ച പങ്ക് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ് അതുകൊണ്ട് തന്നെ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരുനൽകി ബഹുമാനിക്കണമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹുസൻ ബനാജി പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം റൺവേയിൽ വ്യോമസേനയുടെ വിമാനം ഇറക്കികൊണ്ടുള്ള പരീക്ഷണ പറക്കൽ
കാണാൻ നവിമുംബൈ വിമാനത്താവളത്തിലെത്തിയ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമുള്ള കേന്ദ്ര വ്യോമയാന മന്ത്രി മുരളീധർ മോഹോലും സംസ്ഥാനമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും വിമാനത്തവാളത്തിന് കർഷക നേതാവും Peasants and Workers Party എംപിയുമായിരുന്ന ഡിബി പാട്ടീലിൻ്റെ (ദിൻകർ ബാലു പാട്ടീൽ ) പേരാണ് നൽകുക എന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ തീരുമാനിച്ചുറപ്പിച്ച കാര്യമാണിതെന്നും ഷിൻഡെ മാധ്യമങ്ങളെ അറിയിച്ചിരുന്നു .

കഴിഞ്ഞ തിങ്കളാഴ്ച്ച , ഈ വിമാനത്താവള പദ്ധതി ബാധിച്ച പ്രദേശവാസികൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കമ്മിറ്റി(project-affected person- PAP )യുടെ നേതാക്കളുമായി കേന്ദ്ര വ്യോമയാനമന്ത്രി ദില്ലിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം ഡിബി പാട്ടീലിൻ്റെ പേര് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മഹാവികസ് അഗാഡി (MVA ) സർക്കാർ ഭരിക്കുന്ന കാലത്ത് ശിവസേന സ്ഥാപകൻ ‘ബാൽതാക്കറെ ‘ യുടെ പേരിടണം എന്ന നിർദ്ദേശം ഉദ്ദവ് താക്കറെയുടെ ഭാഗത്ത് നിന്ന് വന്നിരുന്നു.
ഇതിനെതിരെ പ്രദേശത്തെ ആക്ഷൻ കമ്മിറ്റി പ്രവർത്തകരോടൊപ്പം ആഗ്രികോളി വിഭാഗവും ചേർന്ന് വിമാനത്തവാളത്തിന് “ഡിബി പാട്ടീലിൻ്റെ പേരിടണം” എന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടത്തി .2022 ൽ ശിവസേന പിളർന്ന് സർക്കാർ നിലം പതിച്ചതിന്റെ അവസാന ദിനം വിമാനത്താവളത്തിന് ഡിബി
പാട്ടീലിൻ്റെ പേര് നിർദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയാണ് ഉദ്ദവ് താക്കറെഇറങ്ങിപ്പോയത് .

പിന്നീടുവന്ന ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന മഹായുതി സർക്കാറിന്റെ ആദ്യ ക്യാബിനറ്റിൽ തന്നെ
പ്രമേയം പാസ്സാക്കി ഡിബി പാട്ടീലിൻ്റെ പേര് അംഗീകരിക്കുകയും കേന്ദ്ര സർക്കാരിന് അത് അയച്ചു കൊടുക്കുകയും ചെയ്‌തു . അതിനൊരു തീരുമാനം ഇല്ലാതെ വന്നപ്പോഴാണ് ആക്ഷൻ കമ്മിറ്റി നേതാക്കൾ കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് ഡിബിപാട്ടീലിന്റെ പേര് തന്നെ നൽകുമെന്ന ഉറപ്പു വാങ്ങുന്നത്.

ഈ ഒരു പശ്ചാത്തലത്തിൽ നവിമുംബൈ വിമാനത്തവാളത്തിന് രത്തൻ ടാറ്റയുടെ പേരിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച ഒപ്പുശേഖരണം, ലക്ഷ്യത്തിലെത്താനുള്ള സാധ്യതയില്ലാത്തതാണ് എന്ന് നിസ്സംശയം പറയാം . അഥവാ ആവശ്യം ശക്തമായാൽ ചിലപ്പോൾ അത് മറ്റൊരു പ്രക്ഷോഭത്തിലേയ്ക്ക് വീണ്ടും വഴിമാറിയേക്കാം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *