ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ചെന്നൈ ഡിവിഷന് കീഴിലെ ഗുമ്മിഡിപൂണ്ടിക്ക് സമീപം കവരപ്പേട്ടയിലാണ് സംഭവം. നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിൽ മൈസൂരു -ദർബാംഗ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഒരേ ട്രാക്കില്‍ വന്നതാണ് അപകടമുണ്ടാക്കിയത്.
പാസഞ്ചർ ട്രെയിൻ പ്രധാനപാതയിലൂടെയായിരുന്നു കടന്നുപോകേണ്ടത്. എന്നാൽ, ഇതിന് പകരം ലൂപ്പ് ലൈനിലൂടെ 75 കിലോമീറ്റർ വേഗതയിൽ വരികയും അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ട്രെയിനിലെ രണ്ട് കോച്ചുകൾക്ക് തീപിടിക്കുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു.
സംഭവത്തിൽ ആളപായമൊന്നുമില്ലെന്നും ഏതാനും ചിലർക്ക് ചെറിയ പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ, ആംബുലൻസ്, രക്ഷാപ്രവർത്തകർ, അഗ്നിശമന സേന എന്നിവർ സ്ഥലത്തെത്തി. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ റെയിൽവേ മറ്റു മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ ടി പ്രഭുശങ്കര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അറിയിച്ചു