“ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കപ്പെടണം ” :ഡോ. ഉമ്മൻ ഡേവിഡ് ഓണാഘോഷങ്ങളിലൂടെ പ്രസരിക്കുന്നത് കേരളീയ സംസ്കാരം
കല്യാൺ : മറുനാട്ടിൽ ജീവിക്കുമ്പോഴും ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കപ്പെടണമെന്നും മാതാപിതാക്കളാണ് ആദ്യ ഗുരുക്കന്മാരെന്നും കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാനും ജന്മനാടിന്റെ സംസ്കാരത്തോടെ ചേർത്ത് പിടിക്കാനും കഴിയണമെന്നും ഡോ ഉമ്മൻ ഡേവിഡ്.
ലോക് കല്യാൺ മലയാളി അസോസിയേഷൻ,കല്യാൺ ഈസ്റ്റ് ദർശൻ മാര്യേജ് ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ &ജൂനിയർ കോളേജ് ,ഡോ.ഡേവിഡ്‌സ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്റ്റർ ഡോ. ഉമ്മൻ ഡേവിഡ്.
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നടക്കുന്ന ഓണാഘോഷങ്ങളിലൂടെ പ്രസരിക്കുന്നത് കേരളീയ സംസ്കാരമാണെന്നും ഡോ ഉമ്മൻ ഡേവിഡ് കൂട്ടിച്ചേർത്തു.
നോർക്കയുടെ സേവനങ്ങളുടെ ഗുണഭോക്താക്കളാകാൻ സമാജം അംഗങ്ങൾക്ക് അവസരമൊരുക്കണമെന്നും ലോക കേരള സഭ ക്ഷണിതാവ് കൂടിയായ അദ്ദേഹം സമാജം ഭരണാധികാരികളെ ഓർമ്മിപ്പിച്ചു. വ്യവസായി സി പി ബാബു, പ്രേംലാൽ, ലളിത മേനോൻ തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിപങ്കെടുത്തു. മാവേലി വരവേൽപ്പ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,ഓണ സദ്യ എന്നിവയുമുണ്ടായിരുന്നു. LKMA പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി മുരളീധരൻ കെ കെ , ട്രഷറർ മധ്യസൂദനൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രസാദ് ഷൊർണൂർ അവതാരകനായിരുന്നു .