മായങ്ക് യാദവിനെ ഭയമില്ല, അതിലും വേഗമുള്ള ബോളർമാരെ നെറ്റ്സിൽ നേരിടുന്നതാണ്: ബംഗ്ലദേശ് നായകൻ- വിഡിയോ
ന്യൂഡൽഹി∙ ഇന്ത്യൻ ബോളിങ് നിരയിലെ പുത്തൻ താരോദയമായ അതിവേഗ ബോളർ മായങ്ക് യാദവ് ബംഗ്ലദേശ് ബാറ്റർമാർക്ക് കാര്യമായ തലവേദന സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്ന് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ. നെറ്റ്സിൽ സമാനമായ വേഗതയുള്ള ബോളർമാരെ ബംഗ്ലദേശ് ബാറ്റർമാർ സ്ഥിരമായി നേരിടുന്നതാണെന്ന് ഷാന്റോ അവകാശപ്പെട്ടു. അതേസമയം, മായങ്ക് നല്ല ബോളറാണെന്നും ഷാന്റോ അഭിനന്ദിച്ചു.‘‘ഞങ്ങൾക്ക് നെറ്റ്സിലും അതേ വേഗത്തിൽ എറിയുന്ന ബോളർമാരുണ്ട്. അതുകൊണ്ട് മായങ്ക് യാദവിന്റെ കാര്യത്തിൽ ഞങ്ങൾക്ക് പരിഭ്രാന്തിയൊന്നുമില്ല. പക്ഷേ, മായങ്ക് നല്ല ബോളറാണ്’– ഷാന്റോ പറഞ്ഞു.അതേസമയം, ഐപിഎലിലെ അതിവേഗ ബോളിങ്ങിലൂടെ ആരാധക ശ്രദ്ധ നേടിയ മായങ്ക് യാദവ് രാജ്യാന്തര അരങ്ങേറ്റ മത്സരത്തിൽ ബംഗ്ലദേശ് ബാറ്റർമാരെ വിറപ്പിച്ചിരുന്നു.
ആദ്യ ഓവറിൽ മെയ്ഡൻ എറിഞ്ഞ ഇരുപത്തിരണ്ടുകാരൻ രണ്ടാമത്തെ ഓവറിൽ മഹ്മദുല്ലയെ ഡീപ് പോയിന്റിൽ വാഷിങ്ടൻ സുന്ദറിന്റെ കൈകളിലെത്തിച്ച് കന്നി വിക്കറ്റും നേടി. മത്സരത്തിലാകെ നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റു നേടി.ബംഗ്ലദേശ് ട്വന്റി20 ടീമിൽ ടസ്കിൻ അഹമ്മദിനെ മാറ്റിനിർത്തിയാൽ മികച്ച വേഗമുള്ള പേസ് ബോളർമാരില്ല. ടസ്കിൻ അഹമ്മദ് ആകട്ടെ, സ്ഥിരമായി മണിക്കൂറിൽ 140 കിലോമീറ്റിനു മുകളിൽ വേഗത്തിൽ പന്തെറിയുന്ന താരമാണ്. അതേസമയം, ബംഗ്ലദേശ് ടെസ്റ്റ് ടീമിൽ അംഗമായ യുവതാരം നഹീദ് റാണ 150നു മുകളിൽ വേഗത്തിൽ എറിയുന്നയാളാണ്.