പ്രതിഷേധം അവസാനിപ്പിക്കാതെ ജൂനിയർ ഡോക്ടർമാർ കൊൽക്കത്തയിൽ സമവായം അകലെ.
കൊൽക്കത്ത∙ ബംഗാളിലെ ആർ.ജി. കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിൽ തീരുമാനമായില്ല. മുന്നോട്ടുവച്ച ആവശ്യങ്ങൾ പൂർണമായി സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി വാക്കാൽ നൽകിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കണമെന്നതാണ് മറ്റൊരു ആവശ്യം. എന്നാൽ ഇതിനായി എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന വിഷയത്തിൽ തീരുമാനമായിട്ടില്ല. ഉറപ്പുകൾ പാലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതിഷേധക്കാരെ അഞ്ചാം തവണയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെട്ട പ്രകാരം ചർച്ചയുടെ തത്സമയ സംപ്രേഷണം അനുവദിച്ചില്ല. പൊലീസ് മേധാവിയെ നീക്കുന്നതുൾപ്പെടെ ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പൊലീസ് മേധാവിക്ക് പുറമെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ സേവന ഡയറക്ടർ എന്നിവരെയും നീക്കുമെന്നും സർക്കാർ പ്രതിഷേധക്കാരെ അറിയിച്ചിരുന്നു.