വധുവിന്റെ ബന്ധുക്കൾ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദിച്ച്.
മൂന്നാർ ∙ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രഫറായ യുവാവിനെ വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചു. തൊടുപുഴ സ്വദേശിയും എറണാകുളം പാലക്കുഴയിൽ താമസക്കാരനുമായ ജെറിനാണ് (29) മർദനമേറ്റത്. തിങ്കളാഴ്ച മാങ്കുളത്തു വച്ചാണ് സംഭവം.
മാങ്കുളം സ്വദേശിനിയായ യുവതിയുടെയും പത്തനംതിട്ട സ്വദേശിയായ യുവാവിന്റെയും വിവാഹ ചടങ്ങ് ചിത്രീകരിക്കാനായി ഏഴംഗ സംഘമാണ് എത്തിയത്. ഞായറാഴ്ച ഇവർക്ക് താമസിക്കാനായി ഏർപ്പെടുത്തിയ റിസോർട്ടിൽ വച്ച് വധുവിന്റെ അടുത്ത ബന്ധുക്കളുമായി ജെറിനും മറ്റും തർക്കമുണ്ടായിരുന്നു. തിങ്കളാഴ്ചത്തെ പരിപാടി കഴിഞ്ഞ് മടങ്ങുംവഴിയാണ് ഇവരുടെ കാർ തടഞ്ഞു നിർത്തി വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചത്.
സംഘത്തിലുണ്ടായിരുന്ന നിതിൻ എന്നയാളുടെ പരാതിയിൽ മാങ്കുളം സ്വദേശിയായ യദു എന്നയാൾ ഉൾപ്പെടെ രണ്ടു പേർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു.