നവംബർ രണ്ടാം വാരത്തോടെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ഏകനാഥ് ഷിൻഡെ
മുംബൈ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ രണ്ടാം വാരത്തിൽ നടക്കാൻ സാധ്യതയുണ്ടെന്നും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പാണ് അഭികാമ്യമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അടുത്ത 8 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഭരണകക്ഷികൾക്കിടയിലുള്ള സീറ്റ് വിഭജനം അന്തിമമാക്കുമെന്നും ഷിൻഡെ പറഞ്ഞു.
288 അംഗ സംസ്ഥാന അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളുള്ള വോട്ടെടുപ്പാണ് അഭികാമ്യം, മുംബൈയിലെ തൻ്റെ ഔദ്യോഗിക വസതിയായ ‘വർഷ’യിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.തൻ്റെ നേതൃത്വത്തിലുള്ള ശിവസേനയും ബിജെപിയും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയും അടങ്ങുന്ന മഹായുതി സർക്കാർ വികസനത്തിലും ക്ഷേമ നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു