ആഘോഷമാക്കി ‘ മുമ്പേ ഓണം ‘
മുംബൈ : തിരുവോണം വരുന്നതിന് മുമ്പേയും പിമ്പേയും ഓണം ആഘോഷിക്കുന്നവരാണ് മുംബൈ മലയാളികൾ . ഇത്തവണ തിരുവോണം അവധി ദിനമായ ഞയറാഴ്ച്ച വന്നതുകൊണ്ട് ഫ്ളാറ്റുകൾക്കുള്ളതിൽതന്നെ കുടുംബ സമേതം ഓണസദ്യ ഉണ്ടുകൊണ്ട് ആഘോഷിക്കാനുള്ള ഭാഗ്യം പലർക്കും ലഭിച്ചു . ഓണത്തിന് അവധിആവശ്യപ്പെട്ടാലുംതരാത്ത മലയാളി മുതലാളിമാരും മറുഭാഷക്കാരായ ബോസുമാരുമുള്ള നഗരം കൂടിയാണ് യാന്ത്രിക ജീവിതത്തിന് അടിമയാക്കപ്പെട്ടവരുടെ ഈ മുംബൈ. അതുകൊണ്ട് ഞായറാഴ്ച്ച അവർക്ക് മനസികോല്ലാസത്തിൻ്റെ ദിനമായി മാറി . മറുഭാഷക്കാരായ സുഹൃത്തുക്കളെ കുടുംബസമേതം ക്ഷണിച്ചുകൊണ്ട് മലയാളത്തിൻ്റെ രുചി പകർന്നുനൽകാൻ ലഭിച്ച നല്ല അവസരമായാണ് തിരുവോണത്തെ പലരും കാണുന്നത് .അതിൻ്റെ ആത്മ നിർവൃതി അവാച്യവുമാണ്!
പല സാഹചര്യങ്ങൾക്കൊണ്ടും സദ്യയുണ്ണാൻ കഴിയില്ലാ എന്ന് കരുതിയവരുടെ നിരാശ മാറ്റാൻ ,പതിവുപോലെ നഗരത്തിലെ മലയാളി ഹോട്ടലുകളൊക്കെ പ്രത്യേകമായി ഓണസദ്യ തയ്യാറാക്കിവെച്ചിരുന്നു. പതിവായി ഹോട്ടലിനെ ആശ്രയിക്കേണ്ടിവരുന്ന അന്യ ദേശക്കാർക്കും പുതിയൊരു അനുഭവമായി മാറി.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണാഘോഷം മാറ്റിവെച്ചതും ആർഭാടം കുറച്ചതുമായ മലയാളി കൂട്ടായ്‌മകൾ നിരവധി മഹാരാഷ്ട്രയിലുണ്ട് .ആഘോഷത്തിനായി നീക്കിവെച്ച തുക ദുരന്തത്തിന് ഇരയായവർക്ക് നൽകി, സഹജീവികളുടെ ദുഃഖത്തെ സ്വന്തം നഷ്ടമായി കണ്ട ചില സംഘടനകൾ. എന്നാൽ വയനാടിനായി സഹായം നൽകുന്നതിനോടൊപ്പം , ഗൃഹാതുരത്വത്തിൻ്റെ സ്‌മരണകളെ ഒത്തുചേരലിൻ്റെ ആഘോഷമാക്കിക്കൊണ്ട് ഓണത്തെ കൂട്ടായ്‌മയുടെ ഉത്സവമാക്കാക്കി മാറ്റി ചില സംഘടനകൾ .
വരുന്ന കുറേ ഞായറാഴ്ചകളിൽ കൂടി ഇത് തുടരുന്നതായിരിക്കും. അന്യൻ്റെ വേദനയും ഒറ്റപ്പെടലും മാറ്റി ഒരു ദിനമെങ്കിലും അൽപ്പം സന്തോഷം നൽകുക എന്ന സദുദ്ദേശത്തോടെ അനാഥാലയങ്ങളിലും വൃദ്ധാശ്രമങ്ങളിലും പോയി ഓണസദ്യയുടെ രുചിയും സ്നേഹവും പകർന്ന് തിരുവോണത്തെ അവിസ്മരണീയമാക്കുന്ന വ്യക്തികളും സംഘടനകളും നമ്മുടെ മുംബൈയിലുണ്ട് എന്നതും നഗരത്തിലെ ഓണവിശേങ്ങളെക്കുറിച്ചു പറയുമ്പോൾ എടുത്തുപറയേണ്ടത് തന്നെയാണ്!