കേരള ബ്ലാസ്റ്റേഴ്സിന് ‘കണ്ണീരോണം :ആദ്യ മത്സരത്തിൽ പഞ്ചാബിനോട് 2–1ന് തോറ്റു
കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും നാടകീയമായി മാറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്‍സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ പലതവണ കയ്യാങ്കളിയുണ്ടായി.
ഗോൾരഹിത സമനിലയിലേക്കു നീങ്ങിയ മത്സരത്തിൽ 10 മിനിറ്റിനിടെ പിറന്ന മൂന്നു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിറ്റിലും അഞ്ച് മിനിറ്റ് ഇൻജറി ടൈമിലുമായാണ് ഗോളുകൾ പിറന്നത്. പഞ്ചാബ് എഫ്‍സിക്കായി പകരക്കാരൻ താരം ലൂക്ക മയ്സെൻ (86–ാം മിനിറ്റ്, പെനൽറ്റി), ഫിലിപ് മിർലാക് (90+5) എന്നിവർ ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 90+2–ാം മിനിറ്റിൽ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ നേടി.
കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ക്യാപ്റ്റനും മധ്യനിരയുടെ ചുമതലക്കാരനുമായ അഡ്രിയാൻ ലൂണയുടെ അഭാവം നിഴലിച്ചു കണ്ടു. ആദ്യ പകുതിയിൽ ലക്ഷ്യബോധമില്ലാതെ ഉഴറി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായിരുന്നു ഗ്രൗണ്ടിലെ കാഴ്ച. കാര്യമായ ഒത്തിണക്കം കാട്ടാനാകാതെ ഉഴറിയ ബ്ലാസ്റ്റേഴ്സിന്, ശ്രദ്ധേയമായ ഒരു അവസരം പോലും സൃഷ്ടിക്കാനായില്ല. 42–ാം മിനിറ്റിൽ പഞ്ചാബ് എഫ്‍സി പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചെങ്കലും, ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് ഭാഗ്യമായി. ബ്ലാസ്റ്റേഴ്സ് നിരയിൽ നോഹ സദൂയിയുടെ തകർപ്പനൊരു ക്രോസിന് മുഹമ്മദ് ഐമന് തലവയ്ക്കാനാകാതെ പോയത് ബ്ലാസ്റ്റേഴ്സിനു നിർഭാഗ്യവുമായി.
രണ്ടാം പകുതിയിൽ ഇരട്ട മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ക്വാമി പെപ്രയ്ക്കു പകരം സ്പെയിനിൽ നിന്നുള്ള പുതിയ താരം ഹെസൂസ് ഹിമെനെ, മുഹമ്മദ് ഐമനു പകരം വിബിൻ മോഹനൻ എന്നിവരെ കളത്തിലിറക്കി. അതിന്റെ മാറ്റം കളിയിലും കണ്ടു. ഗോളിനായുള്ള കാത്തിരിപ്പു മാത്രം നീണ്ടു പോയെന്നു മാത്രം. കേരള ബ്ലാസ്റ്റേഴ്സ് ഗോളിനായി സമ്മർദ്ദം ചെലുത്തിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായതോടെ മത്സരം സമനിലയിലേക്ക് എന്ന തോന്നലുയർന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി പഞ്ചാബ് എഫ്‍സി ലീഡ് നേടിയത്. മത്സരത്തിന്റെ 86–ാം മിനിറ്റിൽ പഞ്ചാബ് എഫ്‍സിക്ക് അനുകൂലമായി ലഭിച്ച പെനൽറ്റിയാണ് നിർണായകമായത്. ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക് കടന്നുകയറിയ പഞ്ചാബ് താരം ലിയോൺ അഗസ്റ്റിനെ പ്രതിരോധനിരയിലെ മുഹമ്മദ് സഹീഫ് വലിച്ച് നിലത്തിട്ടു. റഫറി നേരെ പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത പഞ്ചാബ് താരം ലൂക്ക മയ്സെൻ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിനെ അനങ്ങാൻ അനുവദിക്കാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.
ബ്ലാസ്റ്റേഴ്സ് തോൽവി ഉറപ്പിച്ചിരിക്കെ ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ വീണ്ടും ട്വിസ്റ്റ്. ഇത്തവണ പഞ്ചാബ് ബോക്സിലേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ നടത്തിയ ലക്ഷണമൊത്തൊരു നീക്കത്തിനൊടുവിൽ ബോക്സിനു വെളിയിൽനിന്ന് പ്രീതം കോട്ടാലിന്റെ തകർപ്പൻ ക്രോസ്. രണ്ട് പഞ്ചാബ് പ്രതിരോധ താരങ്ങൾക്കിടയിൽ കൃത്യമായി ഉയർന്നു ചാടിയ ഹെസൂസ് ഹിമെനെ പന്തിന് ഗോളിലേക്ക് വഴി കാട്ടി. ഗാലറികളിൽനിന്ന് ഒഴിഞ്ഞു തുടങ്ങിയ ആരവം തിരിച്ചുവന്ന നിമിഷം. സ്കോർ 1–1.
സമനിലയുടെ ആശ്വാസത്തോടെ കാണികൾ ഗാലറിയിൽനിന്ന് ഒഴിഞ്ഞുതുടങ്ങുന്നതിനിടെ വീണ്ടും ഗോൾ. ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന്റെ അലസതയ്ക്ക് ലഭിച്ച ശിക്ഷയായി ഈ ഗോൾ. ഇൻജറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക് വന്ന പന്ത് ലൂക്കാ മയ്സെൻ ഓടിപ്പിടിച്ചു. ഇതിനിടെ പ്രീതം കോട്ടാലിന്റെ വെല്ലുവിളി മറികടന്ന് പന്ത് ബോക്സിന്റെ വലതു മൂലയിലേക്ക് തഴുകിവിട്ടു. ഓടിയെത്തിയ ഫിലിപ് മിർയാക് സച്ചിൻ സുരേഷിന്റെ പ്രതിരോധം തകർത്ത് പോസ്റ്റിലുരുമ്മി പന്ത് വലയ്ക്കുള്ളിലാക്കി ഗാലറികൾ വീണ്ടും നിശബ്ദം. സ്കോർ 2–1.
രണ്ടാം ഗോളിനു പിന്നാലെ മത്സരം കൂടുതൽ പരുക്കനായി. ഇതിനിടെ ഒരു ഹൈബോൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ലൂക്കാ മയ്സെനെ ബ്ലാസ്റ്റേഴ്സിന്റെ കെ.പി. രാഹുൽ ഇടിച്ചിട്ടത് കയ്യാങ്കളിക്കു കാരണമായി. പഞ്ചാബ് എഫ്‍സിയുടെ കോച്ചിങ് സ്റ്റാഫിലെ അംഗം രാഹുലിനെതിരെ തിരിഞ്ഞത് സംഘർഷം വർധിപ്പിച്ചു. ഓടിയെത്തിയ പഞ്ചാബ് എഫ്‍സി പരിശീലകനാണ് താരങ്ങളെ പിടിച്ചുമാറ്റിയത്. പിന്നാലെ ഫൈനൽ വിസിൽ. തിരുവോണ ദിനത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി, കണ്ണീരോണം.