ഇന്ന് നബിദിനം
കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗം മസ്ജിദുൽ മിഅ്റാജ് നബിദിനത്തോടനുബന്ധിച്ചു വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കുന്നു
അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം ലോകത്ത് അറിയപ്പെടുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം. പ്രവാചകൻ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങൾ നടന്നിട്ടില്ലാത്തതിനാൽ മൗലിക വാദികൾ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്. എന്നാൽ പരമ്പരാഗത മുസ്ലിങ്ങൾ ഇവ പുണ്യമാണെന്ന് കരുതുന്നു.
പ്രവാചകൻ മുഹമ്മദ്ന്റെയോ അനുചരരുടെയോ ജീവിതകാലത്ത് ജന്മദിന ആഘോഷങ്ങൾ നടന്നിരുന്നില്ല. പിന്നീട് നബിയുടെ വിയോഗത്തിന് ശേഷം ചില അനുചരർ അദ്ദേഹത്തിൻറെ ജന്മനാളിൽ സ്വലാത്ത് ചൊല്ലുകയും ചരിത്ര വിവരണം നടത്തുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. വീട് സന്ദർശിക്കുക, സമാധി സ്ഥലം സന്ദർശിക്കുക, പ്രകീർത്തനം നടത്തുക ദാനം ചെയ്യുക മാംസ വിതരണം നടത്തുക എന്നിങ്ങനെയൊക്കെ വ്യക്തികളാലും വീടുകളിലും നടന്നിരുന്നതായി കാണാം കേവലം വ്യക്തികളിലൊതുങ്ങിയിരുന്ന സന്തോഷ പ്രകടനങ്ങളെ സംഘടിതമായ രീതിയിലേക്ക് രൂപമാറ്റം ചെയ്യിക്കുന്നത് സൂഫികളാണ്. ഒരു സ്വർണ്ണ മല എനിക്കുണ്ടായിരുന്നുവെകിൽ അത് മുഴുവനും നബിയുടെ അപദാനങ്ങൾ വാഴ്ത്താൻ ഉപയോഗിക്കുമെന്ന സൂഫി ഗുരു ഹസ്സൻ ബസ്വരിയുടെ വാക്കുകൾ അക്കാലത്തെ അധികാരികളെ പ്രചോദിപ്പിച്ചിരുന്നു.
ഖാൻഖാഹുകളെന്ന സൂഫി ആശ്രമങ്ങളിലാണ് സംഘടിതമായ രീതികളിൽ മീലാദ് അനുസ്മരണങ്ങൾ നടന്നിരുന്നത്. ഈ അനുഷ്ടാനങ്ങളെ ഭരണപരമായ നിലയിലേക്ക് പരാവർത്തനം ചെയ്യുന്നത് ഫാത്വിമി ഭരണാധികാരികളുടെ കീഴിലാണ്. അവർക്കു ശേഷം സൻകിദ് ഭരണ തലവൻ നൂറുദ്ദീൻ മഹ്മൂദ് സൻകിയുടെ സഹായത്താൽ ശൈഖ് ഉമർ മല്ലാഅ് എന്ന ആത്മീയവാദി ബൃഹത്തായ രീതിയിൽ മീലാദ് ആഘോഷം നടത്തി. മഹ്മൂദ് സൻകിക്ക് ശേഷം അധികാരത്തിൽ വന്ന അയ്യൂബി രാജവംശ സ്ഥാപകൻ സലാഹുദ്ദീൻ അയ്യൂബി ഖാൻഖാഹുകളിൽ വിപുലമായ രീതിയിൽ മീലാദ് ആഘോഷങ്ങളും, മൗലീദ് സദസ്സുകളും സംഘടിപ്പിച്ചു. ആശ്രമങ്ങളിലും വീടുകളിലും കൊട്ടാരങ്ങളിലും ഒതുങ്ങി നിന്നിരുന്ന സന്തോഷാനുസ്മരണങ്ങളെ കെങ്കേമമായ പൊതുജനവത്കരിക്കപ്പെടുന്നത് ഇർബിൽ രാജാവായ മുളഫർറിന്റെ കാലത്താണ്.
മീലാദ് ആഘോഷങ്ങളുടെ സൂത്രധാരൻ ഇദ്ദേഹമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അതല്ല ഇദ്ദേഹത്തിന് മുൻപ് തുർക്കിയിലെ സൂഫികൾ പൊതു ജനങ്ങളെ ഉൾപ്പെടുത്തി ആഘോഷിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇർബിലിനോടൊപ്പം പാലസ്തീൻ ഇറാക്ക് തുർക്കി എന്നിവിടങ്ങളിലും അക്കാലത്ത് നബിദിന ആഘോഷങ്ങൾ നടന്നിരുന്നു. അയ്യൂബികൾക്ക് ശേഷം മംലൂക് ,ഓട്ടോമൻ , സുൽത്താൻ , മുഗൾ ഭരണാധികാരികളും കേമമായ രീതിയിൽ ആഘോഷങ്ങൾ നടത്തിയിരുന്നു.ഉസ്മാനിയ ഖിലാഫത്ത് നബിദിനത്തിൽ പള്ളികൾ അലങ്കരിക്കുന്ന പതിവ് ഇന്നും തുർക്കിയിൽ തുടർന്ന് പോരുന്നു. ലിബിയയിൽ പുതുവസ്ത്രമണിഞ്ഞു കുട്ടികൾ റാന്തലുകളേന്തി വീടുകൾ സന്ദർശിക്കുന്ന പതിവുണ്ട്.
എന്നാൽ മുഹമ്മദ് നബിയുടെ ജന്മനാടായ സൗദിയിൽ വ്യക്തികളും സംഘടനകളും മീലാദ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഭരണപരമായ ആഘോഷങ്ങൾ ഒന്നും തന്നെ അവിടെ നടക്കാറില്ല. മുൻകാലങ്ങളിൽ നടന്ന ആഘോഷങ്ങൾ സഊദ് ഭരണകൂടം നിലവിൽ വന്ന ശേഷം അവസാനിപ്പിക്കുകയായിരുന്നു. 1986 ഇൽ നബിദിനത്തിനു നൽകിയിരുന്ന പൊതു അവധിയും സൗദി അറേബ്യ റദ്ദാക്കി. തുർക്കി മലേഷ്യ , ഈജിപ്ത് ,യമൻ എന്നിവിടങ്ങളിലെ മീലാദ് ആഘോഷങ്ങൾ പ്രസിദ്ധമാണ്