ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു : 58കാരന്റെ കൈവിരലുകൾ അറ്റു

0

കൊൽക്കത്ത∙ സെൻട്രൽ കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു തൊഴിലാളിക്കു പരുക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാപി ദാസ് (58) എന്നയാൾക്കാണ് പരുക്കേറ്റത്. അപകടത്തിൽ ബാപി ദാസിന്റെ കൈവിരലുകൾ അറ്റു പോയി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്നു തൽത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബ്ലോച്ച്മാൻ സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിൽനിന്ന് സംശയാസ്പദമായ ഒരു ചാക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശം സീൽ ചെയ്തതായും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഫൊറൻസിക് സംഘവും മേഖലയിൽ പരിശോധന നടത്തി.

പ്രദേശത്തുനിന്ന് സ്ഥിരമായി മാലിന്യങ്ങൾ നീക്കാറുണ്ടെന്നും എസ്എൻ ബാനർജി റോഡിലെ നടപ്പാതയിലാണ് ഉറങ്ങുന്നതെന്നും ബാപി ദാസ് അറിയിച്ചതായി പൊലീസ് പറഞ്ഞു. ചികിത്സ തുടരുന്നതിനാൽ ഇയാളുടെ മൊഴി പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *