കേരളത്തിൻ്റെ മഹോത്സവത്തിലൂടെ ഒരു പാചക യാത്ര ; തെക്ക് – വടക്ക് ഓണസദ്യയുടെ വിശേഷങ്ങൾ
പുത്തനുടുപ്പും പൂക്കളവും കഴിഞ്ഞാൽ ഓണത്തിന്റെ വലിയ ആകർഷണം ഇലയിട്ട സദ്യയാണ്. എല്ലാ അർഥത്തിലും സമ്പൂർണ ആഹാരമാണ് സദ്യ. വാഴയുടെ നാക്കിലയിൽ ചോറും കറികളും പഴവും പായസവും– സദ്യയെ ഇങ്ങനെ ചുരുക്കിപ്പറയാനാകില്ല. സദ്യ ഒരുക്കുന്നതിൽ മുതൽ കഴിക്കുന്നതിൽ വരെ ചിട്ടയുണ്ട്.
വിളമ്പുക്രമം
∙ നിലത്ത് പായ വിരിച്ച് തൂശനിലയിട്ട് വേണം സദ്യ വിളമ്പാൻ. തൂശനിലയുടെ തലഭാഗം ഉണ്ണുന്നയാളിന്റെ ഇടതുവശത്തു വരണം.
∙ ഏറ്റവും കുറഞ്ഞത് പതിനഞ്ച് കൂട്ടം കറികളെങ്കിലും സദ്യയ്ക്ക് ഉണ്ടാകണമെന്നാണ് പഴമക്കാർ പറയുന്നത്.
∙ വാഴയ്ക്ക ഉപ്പേരി, ശർക്കരവരട്ടി എന്നിവ വാഴയിലയുടെ ഇടതുഭാഗത്താണ് വിളമ്പുക.
∙ ഉപ്പ്, നാരങ്ങ മാങ്ങ അച്ചാറുകൾ, ഇഞ്ചിക്കറി അല്ലെങ്കിൽ ഇഞ്ചിത്തൈര്, തോരൻ, ഓലൻ, അവിയൽ, കൂട്ടുകറി, കിച്ചടി, പച്ചടി, എരിശ്ശേരി എന്നിങ്ങനെ വേണം വിളമ്പാൻ. വലത്തേയറ്റമെന്ന മുഖ്യസ്ഥാനം എരിശ്ശേരിക്കു തന്നെയാകണം.
∙ പഴം, പപ്പടം എന്നിവ ഇടതുഭാഗത്താണ്. പിന്നെ ചോറു വിളമ്പണം. തുടർന്നു പരിപ്പും നെയ്യും.
∙ ഊണിന്റെ ആദ്യഘട്ടം കഴിയുമ്പോഴേക്കും സാമ്പാർ വിളമ്പണം. തൊട്ടുപിന്നാലെ കാളനും.
∙ അതിനുശേഷമാണു പ്രധാന വിഭവമായ പായസം എത്തുന്നത്. പഴവും പപ്പടവും കുഴച്ച് ഇലയിൽത്തന്നെ പായസം കഴിക്കുക പതിവാണ്.
∙ പായസം കഴിച്ചുകഴിഞ്ഞാൽ അതിന്റെ ചെടിപ്പുമാറാൻ അൽപം ചോറ് മോരൊഴിച്ച് ഉണ്ണാം.
ഉണ്ണേണ്ടത് ഇങ്ങനെ
∙ എരിവു കുറഞ്ഞ പരിപ്പ് കറിക്കൊപ്പം എരിവു കൂടിയ കൂട്ടുകറി, അവിയൽ, തോരൻ എന്നിവ വേണം കഴിക്കാൻ.
∙ എരിവു കൂടിയ സാമ്പാറിനൊപ്പം മധുരക്കറിയും തൈര് ചേർത്ത കിച്ചടികളും. എരിവിന് ആശ്വാസമായി പായസം.
∙ പായസത്തിന്റെ മധുരം കാരണം വായ ചെടിക്കാതിരിക്കാനാണ് അതിനോടൊപ്പം നാരങ്ങ അച്ചാർ തൊട്ടുകൂട്ടേണ്ടത്.
∙ പായസം കുടിച്ചു കഴിഞ്ഞാൽ പുളിശേരി. പുളിശേരിക്കൊപ്പം വേണം മാങ്ങ അച്ചാർ കഴിക്കാൻ.
∙ ദഹനത്തിനായി ഓലൻ.
∙ ഇനി രസം, അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കണം. ഇതോടെ സദ്യയുടെ ദഹനത്തിനുള്ള വകയായി.
∙ ഏറ്റവും ഒടുവിലായി പച്ചമോരും പാവയ്ക്ക അച്ചാറും. ചുരുക്കത്തിൽ എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ് എന്നീ രസങ്ങൾ ചേരുന്നതാണ് ഓണസദ്യ.
ഇല മടക്കുമ്പോൾ
∙ ഓണസദ്യ കഴിഞ്ഞ് ഇലമടക്കുന്നതിനും പ്രത്യേകം രീതിയുണ്ട്. സദ്യ കഴിച്ചതിനു ശേഷം തൂശനിലയുടെ മുകളിൽ നിന്ന് അകത്തേക്കാണ് മടക്കേണ്ടത്.
തെക്കുവടക്ക് പലയോണം
∙ ഓണം കേരളത്തിന്റെ ദേശീയോത്സവമാണെങ്കിലും തെക്ക് മുതൽ വടക്ക് വരെ കെട്ടിലും മട്ടിലും വ്യത്യാസമുണ്ട്. തെക്കൻ കേരളത്തിൽ ഒന്നാം ഓണം മുതൽ സദ്യയൊരുക്കുമെങ്കിൽ വടക്ക് മലബാറിൽ ഉത്രാടം നാളിലും തിരുവോണത്തിനുമാണ് സദ്യ.
∙ വടക്കൻ കേരളത്തിൽ പഴംനുറുക്ക് നിർബന്ധമാണ്. തെക്കോട്ടു പോകുംതോറും ഇത് അപ്രത്യക്ഷമാകും.
∙ ശർക്കര വരട്ടിക്കും കായ വറുത്തതിനുമൊപ്പം ചേന, പാവയ്‌ക്ക, വഴുതന, പയർ എന്നിവ വറുത്തതു വിളമ്പുന്ന പതിവും ഉത്തര കേരളത്തിലുണ്ട്. ഉരുളക്കിഴങ്ങും വലിയ ഉള്ളിയും മസാലക്കൂട്ടും ചേർത്താണ് തിരുവിതാംകൂറിൽ കൂട്ടുകറി ഒരുക്കുന്നത്.
∙ മലബാറിലാകട്ടെ വാഴയ്‌ക്കയും കടലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. കൊല്ലത്തുള്ളവർ ഓണത്തിനു മരച്ചീനി വറുക്കും. എള്ളുണ്ടയും അരിയുണ്ടയും കളിയടയ്‌ക്കയെന്ന കടിച്ചാൽ പൊട്ടാത്ത വിഭവവും കൊല്ലംകാർക്ക് സ്വന്തമാണ്.